പാതിവിലക്ക് സ്കൂട്ടർ നൽകാമെന്ന വാഗ്ദാനം നൽകി പണം
തട്ടിയ കേസിലെ അനന്തുകൃഷ്ണന്റെ കളമശ്ശേരിയിലെ ഓഫിസ് പൊലീസ് പൂട്ടി സീൽ ചെയ്യുന്നു
കൊച്ചി: പാതിവില തട്ടിപ്പിൽ നഷ്ടമായ പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനുകളിലേക്കെത്തുകയാണ് പരാതിക്കാർ. മൂവാറ്റുപുഴ, കോതമംഗലം, പറവൂർ അടക്കമുള്ള പ്രദേശങ്ങളിലാണ് പണം നഷ്ടമായവരുടെ നെട്ടോട്ടം. തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണനും സംഘത്തിനുമെതിരായ നിയമ നടപടികളിലുപരി ഏത് വിധേനയും തങ്ങൾക്ക് നഷ്ടമായ പണം തിരികെ വാങ്ങി നൽകണമെന്ന ആവശ്യവുമായാണ് ഇവരെത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആറായിരത്തോളം പേരിൽ നിന്ന് 25 കോടിയോളം രൂപ തട്ടിയതായാണ് പൊലീസിന്റെ നിഗമനം.
അനന്തുകൃഷ്ണനും സംഘവും നടത്തുന്നത് തട്ടിപ്പാണെന്ന് കൃത്യമായി സൂചിപ്പിച്ച് പൊലീസിന് പരാതി ലഭിക്കുന്നത് മൂന്ന് മാസം മുമ്പാണ്. മൂവാറ്റുപുഴക്കടുത്ത പായിപ്ര സ്വദേശിനിയായിരുന്നു പരാതിക്കാരി. എന്നാൽ, ഈ പരാതിയുടെ തുടരന്വേഷണത്തിൽ പൊലീസ് കടുത്ത വീഴ്ച വരുത്തിയെന്നാണ് ആരോപണം. തുടർന്നാണ് സീഡ് സെസൈറ്റിക്ക് നേതൃത്വം നൽകിയിരുന്ന മുൻ നഗരസഭ കൗൺസിലർ പൊലീസിൽ പരാതി നൽകിയത്. പണമടച്ചവർക്ക് സാമഗ്രികൾ ലഭിക്കാതായതോടെ ആളുകൾ ഇവരെ തേടിയെത്തിയതിനെ തുടർന്നായിരുന്നു പരാതി. എന്നാൽ, ഈ പരാതിയും ആദ്യം തണുപ്പൻ മട്ടിലായിരുന്നു ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ജനപ്രതിനിധികളടക്കമുള്ള ഉന്നതരുമായുള്ള അനന്തുവിന്റെ ബന്ധമായിരുന്നു കാരണം. തുടർന്ന് പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഉദ്യോഗസ്ഥർ ഉണർന്നത്. പിന്നാലെയാണ് അനന്തുകൃഷ്ണൻ പിടിയിലായി സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് വെളിച്ചത്ത് വന്നത്.
തട്ടിപ്പിന് കളമൊരുക്കാൻ അനന്തുകൃഷ്ണൻ സ്ഥാപിച്ച സീഡ് സൊസൈറ്റികളുടെ പ്രമോട്ടർമാരായി പ്രവർത്തിച്ചവരാണ് വെട്ടിലായത്. ഇവരാണ് ഗുണഭോക്താക്കളെ ചേർത്ത് ഇതിനാവശ്യമായ രേഖകൾ ശരിയാക്കിയിരുന്നത്.
ഇവർക്ക് ശമ്പളവും കമീഷനുമൊക്കെ നൽകിയിരുന്നെന്നാണ് അനന്തു പൊലീസിന് നൽകിയ മൊഴി. ഗുണഭോക്താക്കളിൽനിന്ന് ഈടാക്കിയിരുന്ന പലവിധ ചാർജുകളാണ് ഇതിനായി വിനിയോഗിച്ചിരുന്നത്. എന്നാൽ, തട്ടിപ്പ് പുറത്ത് വന്നതോടെ പണം നഷ്ടമായവർ പ്രമോട്ടർമാരെ തേടി ചെല്ലുകയാണ്. പലയിടങ്ങളിലും ഇവർ ഫോൺ ഓഫ് ചെയത് മുങ്ങിയ വാർത്തകളുമുണ്ട്. നിലവിലുള്ള തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, റിട്ട. സർക്കാർ ജീവനക്കാർ അടക്കമുള്ളവർ ഇതിന്റെ പ്രമോട്ടർമാരായി പ്രവർത്തിച്ചിരുന്നു.
അനന്തുകൃഷ്ണൻ പിടിയിലായതോടെ പാതിവില പരിപാടികൾക്ക് ഇടനിലക്കാരായ എൻ.ജി.ഒകളും പ്രതിസന്ധിയിലായി. പലയിടങ്ങളിലും പണം നഷ്ടമായ ഗുണഭോക്താക്കൾ എൻ.ജി.ഒ ഓഫിസുകളിലെത്തി ബഹളം ഉണ്ടാക്കുന്നുണ്ട്. ഇതെതുടർന്നാണ് ഇത്തരം എൻ.ജി.ഒകളും പൊലീസിൽ പരാതി നൽകിയത്. ഇടനിലക്കാരായവരിൽ ഭൂരിഭാഗവും സംഘ് പരിവാർ ബന്ധമുള്ള എൻ.ജി.ഒകളുമാണ്. അനന്തുവിനെ വിശ്വസിച്ച് പദ്ധതിയിൽ വലിയ രീതിയിൽ ഗുണഭോക്താക്കളെ ചേർത്ത എൻ.ജി.ഒകളാണ് പെട്ടിരിക്കുന്നത്. എന്നാൽ, 130 പേരിൽനിന്ന് പണം സ്വീകരിച്ച് ഇടനിലക്കാരായ മഴുവന്നൂർ വാര്യർ ഫൗണ്ടേഷൻ ഗുണഭോക്താക്കൾക്ക് പണം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അടച്ച പണത്തിന്റെ 25 ശതമാനം ഈയാഴ്ച തന്നെ മടക്കി നൽകുമെന്ന് ഫൗണ്ടേഷൻ ട്രസ്റ്റി എ.എസ്. മാധവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.