കൊച്ചി: ശാസ്ത്ര കണ്ടുപിടിത്തങ്ങളും കരവിരുതുകളിലൂടെ വിസ്മയം തീർക്കുന്ന പ്രവൃത്തിപരിചയ മേളയുമൊക്കെയായി വ്യാഴാഴ്ച മുതൽ പ്രതിഭകൾ മാറ്റുരക്കും. ജില്ല ശാസ്ത്രോത്സവത്തിന് ഇത്തവണ എറണാകുളം നഗരം തന്നെയാണ് വേദിയാകുന്നത്. രണ്ട് ദിവസങ്ങളിലായി നഗരത്തിലെ വിവിധ സ്കൂളുകളിൽ നടക്കുന്ന ശാസ്ത്രോത്സവത്തിലും വൊക്കേഷനൽ പ്രദർശനത്തിലുമായി ജില്ലയിലെ 14 ഉപജില്ലയിൽനിന്ന് ഏകദേശം 3000 വിദ്യാർഥികൾ പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ പത്തിന് എസ്.ആർ.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ കൊച്ചി മേയർ എം. അനിൽകുമാർ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.എൽ.എമാർ മുഖ്യാതിഥികളാകും. ശാസ്ത്ര മേള എറണാകുളം ഗവ. ഗേൾസ് എച്ച്.എസ്.എസിലും ഗണിത മേള സെന്റ് ആൻറണീസ് എച്ച്.എസ്.എസിലും പ്രവൃത്തിപരിചയ മേള സെന്റ് ആൽബർട്സ് എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്ര മേള പുല്ലേപ്പടി ദാറുൽ ഉലൂം വി.എച്ച്.എസ്.എസിലും ഐ.ടി മേളയും റീജനൽ വൊക്കേഷനൽ എക്സ്പോയും എസ്.ആർ.വി.എച്ച്.എസ്. എസിലുമാണ് നടക്കുക. എല്ലാ മേളകളും രാവിലെ 9.30ന് തുടങ്ങും. വിദ്യാർഥികൾ നേരത്തേ എത്തി ഒരുക്കം പൂർത്തിയാക്കണമെന്ന് കൺവീനർമാർ അറിയിച്ചു. മത്സരശേഷം പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാം.
കോട്ടയം, എറണാകുളം ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലകളിലെ 65 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും കരിക്കുലം, ഇന്നൊവേറ്റിവ്, പ്രോഫിറ്റബിൾ, മാർക്കറ്റബിൾ എന്നീ നാല് മത്സര വിഭാഗങ്ങളിലായി വൊക്കേഷനൽ എക്സ്പോ പ്രോജക്ട് മത്സരവും തുടർന്ന് പൊതുജനങ്ങൾക്ക് എക്സ്പോ കാണാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷണം തയാറാക്കുന്നത് സെന്റ് ആൽബർട്സ് ഹൈസ്കൂളിലാണ്. 17 സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ടുദിവസമായി നടത്തുന്ന ശാസ്ത്രോത്സവത്തിന്റെ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ജനറൽ കൺവീനർ കൂടിയായ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.