സ്കൈ ലിഫ്റ്റിൽ വൈദ്യുതി ജോലിയിലേർപ്പെട്ടിരിക്കുന്ന ജീവനക്കാർ
കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാരുടെ ജോലിക്കിടയിലുള്ള അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ജോലി സുരക്ഷ ഉറപ്പാക്കാൻ ജില്ലയിൽ സ്കൈ ലിഫ്റ്റ് സംവിധാനം. എറണാകുളം ഡിവിഷന് കീഴിലാണ് ജില്ലയിൽ പരീക്ഷണാർഥത്തിൽ സ്കൈലിഫ്റ്റ് ( ഏരിയൽ ലിഫ്റ്റ്) സജ്ജമാക്കിയിരിക്കുന്നത്. ജോലിക്കിടെ വൈദ്യുതാഘാതമേൽക്കുന്ന സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കാൻ സ്കൈലിഫ്റ്റ് വഴി കഴിയുമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പ്രതീക്ഷിക്കുന്നത്.
മഴയിലും വെയിലിലുമൊക്കെ പോസ്റ്റിന്‍റെ മുകളിൽ കയറി വളരെ വേഗത്തിൽ തകരാറുകൾ പരിഹരിക്കേണ്ട ജോലി ഏറെ അപകടം നിറഞ്ഞതാണ്. ലിഫ്റ്റ് ഉണ്ടെങ്കിൽ എളുപ്പത്തിൽ സുരക്ഷിതമായി ജോലികൾ ചെയ്യാൻ കഴിയും.
വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ലിഫ്റ്റ് യഥേഷ്ടം തിരിക്കാനും ചലിപ്പിക്കാനും കഴിയും. ലിഫ്റ്റിന് മുകളിൽ ഒരു ബക്കറ്റ് മാതൃകയിൽ ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയും. പ്രവർത്തിപ്പിക്കാൻ ഒരു ഓപറേറ്ററുണ്ടാകും. ഇപ്പോൾ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു ഓപറേറ്ററെ നിയമിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന് പരിശീലനം നൽകിയിട്ടുണ്ട്. ഒരു ലിഫ്റ്റിന് 18 മുതൽ 20 ലക്ഷം വരെ തുക വരും. നിലവിൽ എറണാകുളം ഡിവിഷനിൽ ഒരു ലിഫ്റ്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 25 എണ്ണം വാങ്ങാൻ ടെൻഡർ വിളിച്ചിട്ടുണ്ട്. സുരക്ഷിത ജോലി സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സുനിത ജോസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.