പള്ളിക്കര-ചിത്രപ്പുഴ റോഡിൽ ജാലഗിരി ഗേറ്റിന് സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴി

രൂപപ്പെട്ട നിലയിൽ

പൊട്ടിപ്പൊളിഞ്ഞ് പള്ളിക്കര-ചിത്രപ്പുഴ റോഡ്

പള്ളിക്കര: പള്ളിക്കര-ചിത്രപ്പുഴ റോഡ് ശോച്യാവസ്ഥയിലായി. ഇതോടെ കാൽനടയാത്രക്കാരും വാഹനയാത്രികരും ദുരിതത്തിൽ. പല ഭാഗങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞതും മഴ ശക്തമായതും കാരണം കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായപ്പോൾ, വെയിലുള്ള സമയങ്ങളിൽ കടുത്ത പൊടിശല്യമാണ് അനുഭവപ്പെടുന്നത്.

ഒരു വർഷത്തിലേറെയായി റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടെങ്കിലും ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാണ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് സമയം നീട്ടിനൽകിയെങ്കിലും പണികൾ ഇപ്പോഴും പാതിവഴിയിലാണ്. പള്ളിക്കര മുതൽ എച്ച്.ഒ.സി വരെ ബി.എം-ബി.സി നിലവാരത്തിൽ ടാറിങ് നടത്തുന്നതിനായി 12 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ റോഡ് കെട്ടി ഉയർത്തുകയും ബി.എം. നിലവാരത്തിൽ ആദ്യഘട്ട ടാറിങ് നടത്തുകയും ചെയ്തെങ്കിലും, ഈ ഭാഗങ്ങളെല്ലാം ഇപ്പോൾ വീണ്ടും തകർന്ന അവസ്ഥയിലാണ്. മോറക്കാല പള്ളിത്താഴം മുതൽ അമ്പലപ്പടി വരെയും കരിമുകൾ ജങ്ഷന് സമീപം, കുഴിക്കാട് ഭാഗം, റിഫൈനറി ജാലഗിരി ഗേറ്റിന് സമീപം മുതൽ എച്ച്.ഒ.സി വരെയുള്ള ഭാഗങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇത് കാരണം ജാലഗിരി മുതൽ എച്ച്.ഒ.സി വരെ രാവിലെയും വൈകീട്ടും കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പലതവണ കുഴികൾ അടച്ചുവെങ്കിലും മണിക്കൂറുകൾക്കകം അവ വീണ്ടും പഴയപടിയായി. റോഡിന്റെ ശോച്യാവസ്ഥ രൂക്ഷമായതോടെ നാട്ടുകാർ പൊതുമരാമത്ത് വിജിലൻസിന് ഉൾപ്പെടെ പരാതി നൽകിയെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ പൂർണമായി കുത്തിപ്പൊളിച്ച് മാറ്റി വീണ്ടും ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിലുള്ള അവസ്ഥക്ക് മുകളിൽ ഉപരിതല ടാറിങ് നടത്തിയാൽ ദിവസങ്ങൾക്കകം റോഡ് വീണ്ടും തകരുമെന്നും, ഇത് കോടികൾ വെറുതെ നഷ്ടപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്നും നാട്ടുകാർ ആരോപിക്കുന്നു.

Tags:    
News Summary - The dilapidated Pallikkara-Chithrapuzha road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.