കാക്കനാട്: തൃക്കാക്കര നഗരസഭ അതിദരിദ്രർക്കായി കൊണ്ടുവന്ന ഭക്ഷ്യക്കിറ്റ് ഉപയോഗശൂന്യമായ നിലയിൽ. നഗരസഭ അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഭക്ഷ്യക്കിറ്റുകൾ ഉറുമ്പരിച്ച് എലി കരണ്ട അവസ്ഥയിലാണ്. തൃക്കാക്കരയിൽ 53 അതിദരിദ്രരാണുള്ളത്. 41പേർക്ക് നൽകാനാണ് കിറ്റുകൾ എത്തിയത്.
ഒക്ടോബർ മൂന്നിന് എത്തിയ കിറ്റുകൾ 15 ദിവസം പിന്നിട്ടിട്ടും വിതരണം ചെയ്യാനായില്ല. ഉദ്ഘാടനം നടത്തി വിതരണം ചെയ്യാനിരുന്നതാണ്.
ഒക്ടോബർ അഞ്ചിന് മുമ്പ് വിതരണം പൂർത്തീകരിക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് കിറ്റ് ത്രിവേണിയിൽ നിന്ന് എത്തിച്ചെങ്കിലും ക്ഷേമകാര്യ സ്ഥിരം സമിതിയുടെ നിർദേശവും അനുവാദവും കിട്ടാത്തതിനാൽ നഗരസഭയുടെ പുറത്തെ കുടുംബശ്രീ സ്റ്റോറിലെ തറയിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതറിഞ്ഞ പ്രതിപക്ഷ അംഗങ്ങൾ നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ളയുടെയും ഹെൽത്ത് ഇൻസ്പെക്ടറുടെയും ക്യാമ്പിനിൽ പ്രതിഷേധവുമായെത്തി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുടെ പിടിവാശിയാണ് കിറ്റ് വിതരണം 15ദിവസത്തോളം നീണ്ടുപോകാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, പ്രതിപക്ഷ അംഗങ്ങളായ പി.സി. മനൂപ്, അജുന ഹാഷിം, റസിയ നിഷാദ് എന്നിവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.