ചോറ്റാനിക്കര: ഗവ. ഹൈസ്കൂള്‍ കെട്ടിട നിർമാണം പൂര്‍ത്തിയാകാത്തതിനാല്‍ ദുരിതംപേറി വിദ്യാര്‍ഥികളും അധ്യാപകരും. പഠനം നടത്തിയിരുന്ന ക്ലാസ് മുറികള്‍ ഉള്‍പ്പെട്ട പഴയ കെട്ടിടം പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്. 2021ലാണ് കിഫ്ബി ഫണ്ടായ ഒരു കോടി രൂപ മുടക്കി പദ്ധതി നടപ്പാക്കുന്നത്.
പഴയ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിച്ച് മഴ വെള്ളം വീഴുന്നതിനാല്‍ വരാന്തയും സ്റ്റേജുമെല്ലാം ക്ലാസ് മുറികളാക്കിയാണ് നിലവില്‍ പ്രവര്‍ത്തനം.
കിലയാണ് നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്തത്. 2021 സെപ്റ്റംബര്‍ 14ന് നിര്‍മാണ പ്രവൃത്തി തുടങ്ങിയ കരാറുകാരന് കെട്ടിടം ഒരു വര്‍ഷം കൊണ്ടു തന്നെ നിര്‍മിച്ചു. അനുബന്ധ പ്രവൃത്തികളായ ടൈല്‍ വര്‍ക്ക്, പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ ഇതുവരെ പൂര്‍ത്തീകരിച്ചില്ല. ടൈല്‍ വര്‍ക്കിലെ ആശയക്കുഴപ്പമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അറിയുന്നത്. ഒരു ചതു. അടി വിസ്തീര്‍ണ്ണമുള്ള സെറാമിക്ക് ടൈല്‍ വിരിക്കാനാണ് എസ്റ്റിമേറ്റില്‍ പറഞ്ഞെതെങ്കിലും വിട്രിഫൈഡ് ടൈല്‍ വേണമെന്ന് ആവശ്യമുയര്‍ന്നതോടെ കരാറുകാരന് നിർമാണം നിര്‍ത്തി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമേ പ്രവൃത്തി ചെയ്യാനാകൂവെന്ന കരാറുകാരന്റെ ആവശ്യപ്രകാരം ജില്ല പഞ്ചായത്ത് വഴി തുകയ്ക്കുള്ള അനുമതി ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല.
ഇതോടെ പ്രവൃത്തികള്‍ അനന്തമായി നീളുകയായിരുന്നു. ഈ സ്കൂളിനോടൊപ്പം ശിലാസ്ഥാപനം നടത്തിയ മറ്റു സ്കൂൾ കെട്ടിടങ്ങള്‍ നിർമാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ വളരെ മുന്‍പന്തിയിലുള്ള സ്കൂളാണ് ചോറ്റാനിക്കര ജി.വി.എച്ച്.എസ്.എസ്. ഈ സ്കൂളില്‍ നിന്ന് 35ഓളം വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളുടെ അപര്യാപ്തത കാരണം ടി.സി വാങ്ങി മറ്റു സ്കൂളുകളില്‍ ചേര്‍ന്നതായി പി.ടി.എ പറയുന്നു.
ഇനിയും രക്ഷിതാക്കള്‍ ടി.സി ആവശ്യപ്പെടുന്ന സാഹചര്യമാണ്. ക്ലാസ് മുറികളുടെ അപര്യാപ്തത അധ്യയനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കുട്ടികള്‍ കളിക്കുന്ന ഇടങ്ങളില്‍ കെട്ടിട നിർമാണാവശിഷ്ടങ്ങള്‍ കിടക്കുന്നതിനാൽ ക്ലാസ് മുറികളിലേക്ക് നടന്നു പോകാനും ബുദ്ധിമുട്ടനുഭവപ്പെടുന്നതായി കുട്ടികള്‍ പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയ്ക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പി.ടി.എ പരാതി നല്‍കിയിട്ടുണ്ട്. അടിയന്തരമായി സ്കൂള്‍ കെട്ടിട നിർമാണം പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.