കൊച്ചി: ഡി.വൈ.എഫ്.ഐ നേതാക്കളടക്കം പ്രതികളായ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ ആശുപത്രികൾക്കും ജീവനക്കാർക്കും നേരെയുള്ള അക്രമം തടയൽ നിയമ പ്രകാരമുള്ള കുറ്റം ചുമത്തണമോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തീരുമാനിക്കണമെന്ന് ഹൈകോടതി.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മർദനത്തിൽ പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരായ ദിനേശൻ, രവീന്ദ്രൻ, ശ്രീലേഷ് എന്നിവർ നൽകിയ ഹരജി ഉചിത തീരുമാനമെടുക്കാൻ നിർദേശിച്ച് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ തീർപ്പാക്കി.
ആഗസ്റ്റ് 31ന് നടന്ന സംഭവത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം അരുൺ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തെന്നും 34 ദിവസം ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയെന്നും പ്രോസിക്യൂഷൻ അറിയിച്ചു. മെഡിക്കൽ കോളജ് എസ്.ഐ നടത്തിയ അന്വേഷണം ഇപ്പോൾ അസി. കമീഷണർക്ക് കൈമാറിയിരിക്കുകയാണെന്നും പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹരജിക്കാരുടെ ആവശ്യം ഇതോടെ നടപ്പായെന്ന് വിലയിരുത്തിയാണ് കോടതി ഹരജി തീർപ്പാക്കിയത്.
സെക്യൂരിറ്റി സേവനം കരാറെടുത്തയാൾ നിയോഗിച്ചവരാണ് മർദനമേറ്റ സുരക്ഷാ ജീവനക്കാരെന്നതിനാൽ ആശുപത്രികൾക്കും ജീവനക്കാർക്കും നേരെയുള്ള അക്രമം തടയുന്നതിനുള്ള നിയമപ്രകാരം പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമോയെന്നതിൽ ഹരജിക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമത്തിന്‍റെ പരിരക്ഷ ഇത്തരം ജീവനക്കാർക്ക് ലഭിക്കുമോ എന്നതടക്കം പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.