ഫോ​ർ​ട്ട്കൊ​ച്ചി കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലെ ക​ളി​ക്കോ​പ്പു​ക​ൾ ത​ക​ർ​ന്ന​നി​ല​യി​ൽ

കൊച്ചിയിലെ നഗരസഭ പാർക്കുകളിലെ വിനോദം തീക്കളി

ഫോർട്ട്കൊച്ചി: വേനൽ അവധിക്കാലം അടുത്തെത്താൻ രണ്ടുമാസം മാത്രം ശേഷിക്കെ കുട്ടികൾ വിനോദത്തിനായി ആശ്രയിക്കുന്ന പശ്ചിമകൊച്ചിയിലെ നഗരസഭ വക പാർക്കുകൾ ശോച്യാവസ്ഥയിൽ. ആവശ്യത്തിന് പാർക്കുകൾ ഉണ്ടെങ്കിലും പരിപാലനത്തിന് നടപടി ഉണ്ടാകാത്തതാണ് പ്രശ്നം. പശ്ചിമകൊച്ചിയിലെ എല്ലാ പാർക്കുകളിലും കളി ഉപകരണങ്ങൾ തകർന്നുകിടക്കുന്നു. വിനോദത്തിനെത്തുന്ന കുട്ടികൾക്ക് പരിക്കേൽക്കുന്നതും പലയിടത്തും സ്ഥിരം കാഴ്ചയാണ്. ജവഹർലാൽ നെഹ്റുവിന്‍റെ നാമധേയത്തിലുള്ള ഫോർട്ട്കൊച്ചിയിലെ കുട്ടികളുടെ പാർക്കിന്‍റെ അവസ്ഥ ദയനീയമാണ്. നഗരസഭ പ്രതിപക്ഷ നേതാവിന്‍റെ ഡിവിഷനിലാണ് ഈ പാർക്ക്.

ഇവിടത്തെ കളി ഉപകരണങ്ങൾ മിക്കവാറും തകർന്നനിലയിലാണ്. വിദേശികളായി എത്തുന്ന സഞ്ചാരികൾ കുട്ടികളുമായി വിനോദത്തിനെത്തുന്ന ഈ പാർക്കിൽ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണ്. മൂന്നുവർഷം മുമ്പ് പാർക്ക് നവീകരിച്ച് പുതിയ കളി ഉപകരണങ്ങൾ സ്ഥാപിച്ചെങ്കിലും പരിപാലനം നടക്കാത്തതാണ് പ്രശ്നം. കഴിഞ്ഞദിവസവും പൊട്ടിയ കളി ഉപകരണത്തിൽ കയറിയ കുട്ടിയുടെ വിരൽ മുറിഞ്ഞിരുന്നു. നൂറുകണക്കിനാളുകളാണ് അവധി ദിനങ്ങളിൽ കുട്ടികളുമായി ഈ പാർക്കിൽ എത്തുന്നത്.

മട്ടാഞ്ചേരി ജെട്ടി, ബസ് സ്റ്റാൻഡ് എന്നിവയോട് ചേർന്നുള്ള കുട്ടികളുടെ പാർക്കും സമാന അവസ്ഥയിലാണ്. വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഇവിടെയും നിരവധിപേരാണ് എത്തുന്നത്. കുട്ടികളുമായെത്തുന്ന സഞ്ചാരികൾ ഭക്ഷണം കഴിക്കുന്നതിനും ഈ പാർക്ക് ഉപയോഗപ്പെടുത്താറുണ്ട്. ശുചീകരണം നടത്താൻപോലും അധികൃതർക്ക് കഴിയുന്നില്ല. ഡെപ്യൂട്ടി മേയറുടെ ഡിവിഷനിലാണ് ഈ പാർക്ക്.

ഫോർട്ട്കൊച്ചിയിലെ താമരക്കുളം പാർക്കിന്റെ അവസ്ഥയും മോശമാണ്. ഇത് പലപ്പോഴും തുറക്കാറില്ലെന്നും ആക്ഷേപമുണ്ട്. മട്ടാഞ്ചേരിയിലെ പാർക്കും പലപ്പോഴും അടഞ്ഞുകിടക്കുകയാണ്. തോപ്പുംപടി കഴുത്ത് മുട്ടിലെ പാർക്ക് കാടുപിടച്ച് കിടക്കുന്നു. ഉപകരണങ്ങൾ തകർന്നതോടെ കുട്ടികൾ എത്തിനോക്കാറില്ല. പള്ളുരുത്തി കച്ചേരിപ്പടിയിലെ പാർക്കിൽ കുട്ടികൾ എത്താറുണ്ടെങ്കിലും കളി ഉപകരണങ്ങൾ ആവശ്യത്തിനില്ല.

ഫോർട്ട്കൊച്ചി മെഹബൂബ് പാർക്ക്, പെരുമ്പടപ്പ് പാർക്ക് എന്നിവയും വിനോദത്തിനായി സൗകര്യപ്പെടുത്തേണ്ടതുണ്ട്. മട്ടാഞ്ചേരി കൂവപ്പാടം പാർക്കിന് മാത്രമാണ് വലിയ കുഴപ്പങ്ങളില്ലാത്തത്. ഇതിന്‍റെ പരിപാലന ചുമതല ഇന്ത്യൻ ചേംബറിനാണ്. അവധിക്കാലത്തിന് മുമ്പ് പാർക്കുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - Kochi Corporation's parks are in disrepair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.