അന്ന് മുന്നണികളെ ഞെട്ടിച്ചു; ഇന്നോ?

കൊച്ചി: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾക്കും സ്വന്തന്ത്രർക്കും വെല്ലുവിളി ഉയർത്തുകയും ചില തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം തീരുമാനിക്കുന്നതിൽ നിർണായക ഘടകമായി മാറുകയും ചെയ്ത ചില കൂട്ടായ്മകളുണ്ട്. ഇവയിൽ ചിലത് ഇത്തവണ കൂടുതലിടങ്ങളിലേക്ക് മത്സരം വ്യാപിപ്പിച്ചപ്പോൾ ചിലത് പോർക്കളം വിടുകയും ചിലത് നാമമാത്രമായ ഇടങ്ങളിലേക്ക് മത്സരം ചുരുക്കുകയും ചെയ്തിരിക്കുന്നു. ട്വന്‍റി 20, ചെല്ലാനം ട്വന്‍റി 20, വി ഫോർ കൊച്ചി, കരമുട്ടിക്കൽ സമരസമിതി കൂട്ടായ്മകൾ ഈ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന നിലപാട് എന്ത്?

ട്വന്‍റി 20

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 19ൽ 17 സീറ്റും നേടി കിഴക്കമ്പലം പഞ്ചായത്തിന്‍റെ ഭരണം പിടിച്ചാണ് ട്വന്‍റി 20യുടെ തുടക്കം. 2020ൽ കിഴക്കമ്പലത്തിന് പുറമെ കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളും കൂട്ടായ്മ നേടി. വടവുകോട് ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിച്ചു. ജില്ല പഞ്ചായത്തിലും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും സാന്നിധ്യം തെളിയിച്ചു. ത്രിതല പഞ്ചായത്തുകളിൽ ആകെ 74 പ്രതിനിധികൾ ഇവർക്കുണ്ട്.

ഇത്തവണ കൊച്ചി കോർപറേഷനിൽ 76 ഡിവിഷനിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 55 ഇടത്തേ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളൂ. കല്‍വത്തി, ചക്കാമാടം, പൊറ്റക്കുഴി, വടുതല വെസ്റ്റ്, കുന്നുംപുറം, ഇടപ്പള്ളി, ചങ്ങമ്പുഴ, ദേവന്‍കുളങ്ങര, കാരണക്കോടം, എളംകുളം, പൊന്നുരുന്നി ഈസ്റ്റ്, തേവര, കടേഭാഗം, പള്ളുരുത്തി ഈസ്റ്റ്, തഴപ്പ്, പള്ളുരുത്തി കച്ചേരിപ്പടി, നമ്പ്യാപുരം, പള്ളുരുത്തി, പുല്ലാര്‍ദേശം ഡിവിഷനുകളിലാണ് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത്.

45 പഞ്ചായത്തുകളിലായി 559 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തിൽ 34 ഇടത്തും ജില്ല പഞ്ചായത്തിൽ നാലിടത്തുമാണ് ഇത്തവണ ട്വന്‍റി 20 മത്സരിക്കുന്നത്. മൂന്ന് നഗരസഭകളിലായി 67 ഡിവിഷനുകളിലും മത്സരിക്കുന്നു.

വി ഫോർ കൊച്ചി

നിപുൺ ചെറിയാന്‍റെ നേതൃത്വത്തിലുള്ള വി ഫോർ കൊച്ചി കൂട്ടായ്മ 2020ൽ കൊച്ചി കോർപറേഷനിലെ 59 ഡിവിഷനുകളിൽ മത്സരിക്കുകയും 20,000ലേറെ വോട്ട് നേടുകയും ചെയ്തിരുന്നു. പാലാരിവട്ടം, നസ്രേത്ത്, അയ്യപ്പൻകാവ് ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്തി. പല ഡിവിഷനുകളിലും ജയപരാജയം തീരുമാനിക്കുന്നതിൽ ഇവർ നിണായക ഘടകമായിരുന്നു. എന്നാൽ, ഇത്തവണ ചെല്ലാനം പഞ്ചായത്തിലെ വാർഡ് 20ലും (മറുവക്കാട്) പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ മറുവക്കാട് ഡിവഷനിലും മാത്രമാണ് മത്സരിക്കുന്നത്.

കൊച്ചി കോർപറേഷനിലും തൃക്കാക്കര നഗരസഭയിലും കിഴക്കമ്പലം ട്വന്റി 20യും ആം ആദ്മി പാർട്ടിയും മത്സരിക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ തങ്ങൾ മത്സരിച്ചാൽ ബദൽ തേടുന്ന വോട്ടർമാരുടെ വോട്ട് വിഘടിക്കും എന്നതിനാലാണ് ഇത്തവണ പിന്മാറിയതെന്ന് വി ഫോർ കൊച്ചി പ്രസിഡന്‍റ് നിപുൺ ചെറിയാൻ പറഞ്ഞു. ബദൽ ആഗ്രഹിക്കുന്ന വോട്ടർമാരിൽ ആശയക്കുഴപ്പം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഓരോ വാർഡിലും കഴിവും യോഗ്യതയുമുള്ള സ്ഥാനാർഥികളെ പിന്തുണക്കും. വരുംകാലങ്ങളിൽ കൊച്ചിയിൽ പ്രവർത്തനം ശക്തമാക്കുമെന്നും നിപുൺ വ്യക്തമാക്കി.

ചെല്ലാനം ട്വന്‍റി 20

ചെല്ലാനത്ത് കടലേറ്റം സൃഷ്ടിച്ച ദുരിതത്തിനെതിരായ പ്രതിഷേധമാണ് ചെല്ലാനം ട്വന്‍റി 20 കൂട്ടായ്മയായി മാറിയത്. 21 വാർഡുകൾ ഉൾപ്പെടുന്ന ചെല്ലാനം പഞ്ചായത്തിലെ എട്ട് വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിലും വിജയിച്ച് ഇവർ 2020ൽ ശക്തി തെളിയിച്ചു. പിന്നീട് സംഘടനയിൽ ഭിന്നത ഉടലെടുക്കുകയും രണ്ട് പഞ്ചായത്ത് അംഗങ്ങൾ കൂറുമാറി സി.പി.എമ്മിനൊപ്പം ചേരുകയും ചെയ്തു.

എന്നാൽ, ഇത്തവണ പഞ്ചായത്തിൽ മത്സരിക്കാൻ ഈ കൂട്ടായ്മയിൽനിന്ന് പേരിനു പോലും ആളില്ലാത്ത അവസ്ഥയാണ്. ഇരു മുന്നണികളുടെയും സഹായത്തോടെ മാറി മാറി പഞ്ചായത്ത് ഭരിച്ച സംഘടനക്ക് ഉള്ളിലെ പടലപ്പിണക്കങ്ങൾ വിനയായി. പലരും മറ്റ് പാർട്ടികളിൽ അഭയം തേടി. നിലവിൽ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്ന കെ.എൽ. ജോസഫ് ഇടതുപക്ഷത്തേക്ക് മാറിയെങ്കിലും ഇക്കുറി സീറ്റ് ലഭിച്ചില്ല.

കരമുട്ടിക്കൽ സമരസമിതി

പിഴല ദ്വീപിനെ കണ്ടെയ്നർ റോഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് കടമക്കുടി പഞ്ചായത്തിൽ രൂപംകൊണ്ട കൂട്ടായ്മയാണ് കരമുട്ടിക്കൽ സമരസമിതി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സമിതി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മത്സരിക്കുകയും പിഴല സൗത്ത് വാർഡിൽ മത്സരിക്കുകയും ചെയ്തു.

പിന്നീട് സമിതി ബി.ജെ.പിയുമായി അടുക്കുന്നു എന്നാരോപിച്ച് ചില നേതാക്കൾ ട്വന്‍റി 20ക്കൊപ്പം ചേർന്നു. ഇത്തവണ പിഴല സൗത്ത് വാർഡിൽ മാത്രമാണ് സമിതി സ്ഥാനാർഥിയെ നിർത്തിയിട്ടുള്ളത്. ഇവിടെ എൻ.ഡി.എക്ക് സ്ഥാനാർഥി ഇല്ല എന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Kerala local body election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.