തെരഞ്ഞെടുപ്പ് വിലയിരുത്തൽ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഘടകകക്ഷികൾ

ആലുവ: തദ്ദേശ തെരഞ്ഞെടുപ്പുഫലങ്ങൾ വിലയിരുത്താൻ ചേർന്ന യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം യോഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ഘടകകക്ഷികൾ. തെരഞ്ഞെടുപ്പിൽ അർഹമായ സീറ്റ് നൽകാത്തതുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾ ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇതിനി​െട കോൺഗ്രസ്​ പ്രകടനം മോശമാകുകകൂടി ചെയ്തതോടെ രോഷം അണപൊട്ടി.

പരാജയങ്ങളുടെ പൂർണ ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിനാണെന്ന നിലപാടിലായിരുന്നു ഘടകകക്ഷികൾ. ആലുവ നഗരസഭയിൽ കോൺഗ്രസ് ഒറ്റക്കാണ് മത്സരിച്ചത്. പഞ്ചായത്തുകളിൽ ചില സീറ്റുകളാണ് മുസ്‌ലിം ലീഗിന് നൽകിയത്. കേരള കോൺഗ്രസുകൾ അടക്കമുള്ള മറ്റുകക്ഷികൾക്ക് ഒരുസീറ്റുപോലും നൽകിയില്ല. ഇതിനി​െട ലീഗ് മത്സരിച്ച ചില സീറ്റുകളിലടക്കം കോൺഗ്രസ് വിമതർ മത്സരിക്കുകയും ചെയ്തിരുന്നു.ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ പല വാർഡിലും സ്ഥാനാർഥികളെ നിർത്തിയതും കാലുവാരിയതുമാണ് പ്രധാനമായും ചർച്ചയായത്.

വിമതരെ വിജയിപ്പിക്കാൻ നേതാക്കന്മാർതന്നെ രംഗത്തിറങ്ങിയതും ഘടകകക്ഷി നേതാക്കളെ ചൊടിപ്പിച്ചു. ജയിച്ചവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും അഭിപ്രായം ഉയർന്നു. തെരഞ്ഞെടുപ്പിനുശേഷവും കോൺഗ്രസ് നേതൃത്വം അലംഭാവം കാട്ടിയതായും വിമർശനം ഉണ്ടായി. സ്ഥിരം സമിതികളുടെ അധ്യക്ഷസ്ഥാനം നേടാനുള്ള നീക്കങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിച്ചില്ല. നിയോജക മണ്ഡലത്തിൽ ആലുവ നഗരസഭയും എടത്തല, കീഴ്മാട്, ചൂർണിക്കര, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളുമാണ് ഉൾപ്പെടുന്നത്. നഗരസഭയിൽ പേരിന് ഭരണം നിലനിർത്താനേ കഴിഞ്ഞുള്ളൂ. യു.ഡി.എഫ് കോട്ടയായ എടത്തലയിൽ ഭരണം നഷ്​ടമായി. കോൺഗ്രസിലെ തമ്മിലടിയാണ് ഇവിടെ പ്രശ്‌നമായത്. കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ട കീഴ്മാട് ഇടതുപക്ഷം ഭരണം നിലനിർത്തുകയും ചെയ്തു. പരാതികൾ സംസ്ഥാന, ജില്ല നേതൃത്വങ്ങളെ അറിയിക്കാമെന്ന് യു.ഡി.എഫ് ചെയർമാർ ലത്തീഫ് പൂഴിത്തുറ, കൺവീനർ എം.കെ.എ. ലത്തീഫ് എന്നിവർ പറഞ്ഞതോടെയാണ് വിമർശനങ്ങൾ അടങ്ങിയത്. വിവിധ കക്ഷിനേതാക്കളായ പി.എ. താഹിർ, പ്രിൻസ് വെള്ളറക്കൽ, വിജയൻ, ഡൊമിനിക് കാവുങ്കൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Election Assessment: Allied parties attack Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.