പള്ളുരുത്തിയിൽ കുടിവെള്ളം മുട്ടിയിട്ട് ഒരാഴ്ച

പള്ളുരുത്തി: വാൽവ് തകരാർ മൂലം തടസ്സപ്പെട്ട പള്ളുരുത്തി ഭാഗത്തേക്കുള്ള ജലവിതരണം കഴിഞ്ഞ ഏഴുദിവസം പിന്നിട്ടിട്ടും പുനരാരംഭിച്ചില്ല. ഒരാഴ്ചയായി കുടിവെള്ളം കിട്ടാതെ നാട്ടുകാർ ദുരിതത്തിലാണ്.

ജോലിക്ക് പോകാനോ കുട്ടികളെ വിദ്യാലയങ്ങളിൽ അയക്കാനോ കഴിയാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും. ഭക്ഷണം പാകം ചെയ്യാൻപോലും വെള്ളമില്ലാതെ ദുരിതത്തിലാണ് പല വീട്ടമ്മമാരും. പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി, കോണം തുടങ്ങിയ പ്രദേശങ്ങൾ കായലോര മേഖലയായതിനാൽ ഭൂഗർഭജലം ഒട്ടും ഉപയോഗിക്കാൻ കഴിയില്ല. ലവണങ്ങൾ നിറഞ്ഞ കഠിന ജലമായതിനാൽ ഒന്നിനും ഈ വെള്ളം ഉപയോഗിക്കാനാവില്ല. പൈപ്പിലൂടെ വരുന്ന ജലം മാത്രമാണ് ഇവരുടെ ആശ്രയം. ഇതിനിടെയാണ് തുടർച്ചയായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്.

ബദൽ സംവിധാനമെന്ന നിലയിൽ ടാങ്കർ ലോറികളിൽ എത്തിക്കുന്നുണ്ടെങ്കിലും ഒന്നിനും തികയുന്നില്ല. ഇടറോഡുകളിലും ഇടവഴികളിലും വീടുള്ളവർക്ക് ടാങ്കർ വെള്ളവും കിട്ടുന്നത് അപൂർവമാണ്. റോഡിൽ എത്തുന്ന ടാങ്കർ ലോറിയിൽനിന്ന് ജലം ശേഖരിക്കാൻ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

ചൊവ്വാഴ്ച പെരുമ്പടപ്പ് എം.എ. മാത്യു റോഡിൽ കുടിവെള്ളവുമായെത്തിയ ലോറി ഡ്രൈവറെ വെള്ളം കിട്ടാത്തതിനാൽ ഒരാൾ മർദിച്ച സംഭവവും ഉണ്ടായി. പള്ളുരുത്തി ജനുറം ടാങ്കിലേക്ക് നേരിട്ട് വിതരണം നടത്തുന്ന ഭാഗത്തെ വാൽവാണ് തകരാറിലായത്. ആലുവയിൽനിന്നുള്ള ജലവിതരണം ബുധനാഴ്ച ഷട്ട്ഡൗൺ ചെയ്യുന്ന സമയംനോക്കി വാൽവ് തകരാർ പരിഹരിക്കാൻ ജല അതോറിറ്റി തീരുമാനിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായി.

ജലവിതരണം തടസ്സപ്പെട്ട് ആറ് ദിവസം കാത്തിരുന്നശേഷമാണ് തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയത്. ബുധനാഴ്ച രാവിലെ മുതൽ ജല അതോറിറ്റി ജീവനക്കാർ വാൽവ് നന്നാക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിർമാണം പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ പമ്പിങ് പുനരാരംഭിച്ചെങ്കിലും വാൽവ് ഭാഗത്ത് വീണ്ടും തകരാർ കണ്ടെത്തിയതോടെ പമ്പിങ് നിർത്തിവെക്കുകയായിരുന്നു

അതേസമയം, രാത്രിയോടെ വാൽവി‍െൻറ തകരാർ പൂർണമായും പരിഹരിച്ച് വെള്ളിയാഴ്ച മുതൽ പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാൻ കഴിയുമെന്നും ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ഷാഫി പറഞ്ഞു.

നഗരസഭാംഗങ്ങൾ സമരം നടത്തി

പള്ളുരുത്തി: കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനിലെ പള്ളുരുത്തി മേഖലയിലെ നഗരസഭാംഗങ്ങൾ ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസിനുമുന്നിൽ സമരം നടത്തി. എൽ. ഡി.എഫ് കൗൺസിലർമാരായ വി.എ. ശ്രീജിത്ത്, പി.എസ്. വിജു, സി.എൻ. രഞ്ജിത്ത്, സോണി കെ. ഫ്രാൻസിസ് എന്നിവരും യു.ഡി.എഫ് കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ലൈല ദാസ്, ജീജ ടെൻസൺ എന്നിവരുമാണ് സമരം നടത്തിയത്. കെ. ബാബു എം.എൽ.എയും എത്തിയിരുന്നു.

Tags:    
News Summary - drinking water shortage in Palluruthy for One week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.