പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിൽ യു.ഡി.എഫ് പ്രഖ്യാപിച്ച ഒന്നാം വാർഡിലെ സ്ഥാനാർഥിയെ വെട്ടി പകരം സ്ഥാനാർഥിയെ തീരുമാനിച്ചത് വിവാദമാകുന്നു. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റായ പി.എ. സഗീറിനെ മാറ്റിയാണ് പകരം ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ പഴേരിയെ നിശ്ചയിച്ചത്. ഡി.സി.സി അംഗീകരിച്ച സ്ഥാനാർഥി പട്ടികയിലെ പേരുകാരനായിരുന്നു പി.എ. സഗീർ. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നാടാകെ സഗീർ പ്രചാരണവും തുടങ്ങിയിരുന്നു.
സോഷ്യല്‍ മീഡിയയിലും പ്രചാരണം ആരംഭിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയാണെന്ന് പരിചയപ്പെടുത്തിയാണത്രേ സഗീർ വോട്ട് തേടിയിരുന്നത്. വോട്ടഭ്യർഥന പുരോഗമിക്കവേയാണ് പകരം സ്ഥാനാർഥി എത്തിയത്. സഗീറിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഒന്നാം വാർഡിലെ നൂറ്റമ്പതോളം വരുന്ന പ്രവർത്തകർ ഡി.സി.സിക്ക് പരാതി നൽകിയിരുന്നു. ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കാനാണ് ജോൺ പഴേരിയുടെ പേര് നിർദ്ദേശിച്ചിരുന്നത്.
എന്നാൽ ജോൺ പഴേരിക്കെതിരെ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കാൻ കോൺഗ്രസ് പള്ളുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോസഫ് മാർട്ടിൻ എത്തിയതോടെ സീറ്റ് ധാരണയിൽ വലിയ തർക്കങ്ങൾക്കിടയാക്കിയതായാണ് പറയുന്നത്. തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് പി.എ. സഗീറിനുപകരം ജോൺ പഴേരിക്ക് കുമ്പളങ്ങി പഞ്ചായത്തിലെ ഓന്നാം വാർഡ് നിശ്ചയിച്ചുനൽകുകയായിരുന്നു.
ജോസഫ് മാർട്ടിനും ജോൺ പഴേരിക്കും സീറ്റ് നൽകിയതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ച പി.എ. സഗീറിന് സീറ്റ് നഷ്ടമായി. ജോൺ പഴേരിയും ജോസഫ് മാർട്ടിനും ചേർന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമായാണ് സഗീറിന് സീറ്റ് നഷ്ടപ്പെട്ടതെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.