സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിർമാണോദ്ഘാടനത്തിനിടെ എം.ഡി മധു എസ്. നായരും ഓപറേഷന്‍സ് ഡയറക്ടര്‍ സുരേഷ് ബാബുവും മറ്റു ഉദ്യോഗസ്ഥരും
കൊച്ചി: കൊച്ചി കപ്പല്‍ശാല ആദ്യമായി നിർമിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കം. നോര്‍വേ കമ്പനിയായ അസ്കോ ആൻഡ് അസ്കോ മാരിടൈമിനു വേണ്ടിയാണ് കൊച്ചിയില്‍ ഈ 'കപ്പിത്താനില്ലാ കപ്പലുകള്‍' നിര്‍മിക്കുന്നത്. നിര്‍മാണത്തിനു തുടക്കം കുറിച്ച് ബി.വൈ 146 എന്ന കപ്പലിെൻറ പ്ലേറ്റ് കട്ടിങ് അസ്കോ ചെയര്മാന് തുര്‍ബിയൊന്‍ യൊഹാന്‍സന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയും ബി.വൈ 147 കപ്പലിെൻറ പ്ലേറ്റ് കട്ടിങ് കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ (ഓപറേഷന്‍സ്) എന്‍.വി. സുരേഷ് ബാബുവും നിര്‍വഹിച്ചു. കപ്പല്‍ശാല സി.എം.ഡി മധു എസ്. നായര്‍, തുര്‍ബിയൊന്‍ യൊഹാന്‍സന്‍, അസ്കോ മാരിടൈം എം.ഡി കയ് ജസ്റ്റ് ഒസ്ലെന്‍ എന്നിവര്‍ സംസാരിച്ചു.
നോർവേ കമ്പനിയായ അസ്കോ മാരിടൈം എ.എസിനുവേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനാണ് കരാര്‍. രണ്ടു സമാന ഫെറികള്കൂടി കൊച്ചിയില്‍ നിര്‍മിക്കും. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണരഹിത ചരക്കുനീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോർവേ പദ്ധതിക്കായാണ് ഈ നിര്‍മാണം. പദ്ധതിക്ക് നോർവേ സര്‍ക്കാറിെൻറ പിന്തുണയുമുണ്ട്.
67 മീറ്റര്‍ നീളമുള്ള ഈ ചെറുകപ്പലുകള്‍ പൂര്‍ണസജ്ജമായ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ട് ഫെറി ആയിട്ടായിരിക്കും കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും പ്രവര്‍ത്തിക്കുക. ചരക്കുനിറച്ച 16 ട്രെയ്ലറുകള് വഹിക്കാൻ ശേഷിയുണ്ടാകും. കൊച്ചിന് ഷിപ്യാര്ഡ് പൂര്‍ണമായും എന്‍ജിനീയറിങ് നിര്‍വഹിക്കുന്ന ഈ കപ്പലിെൻറ രൂപകല്പന നേവല്‍ ഡൈനാമിക്സ് നോർവേയാണ് നിര്‍വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.