ആലങ്ങാട്: ഒരിക്കൽ പോലും ഒരു മുന്നണിക്കും തുടർ ഭരണത്തിന് അവസരം നൽകാതെ മാറി മാറി പരീക്ഷണം നടത്തുന്ന ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടർമാർ ഇത്തവണയും ആ രീതിക്ക് ഒരു മാറ്റവും വരുത്താൻ തയ്യാറാകാത്ത നിലപാട് സ്വീകരിച്ചത് എൽ.ഡി.എഫിന്റെ തുടർഭരണ മോഹത്തിന് തിരിച്ചടിയായി. 1995 മുതൽ ഇന്നുവരെ ഒരു മുന്നണിക്കും തുടർ ഭരണത്തിന് ഇവിടെ അവസരം ലഭിച്ചിട്ടില്ല. ഇത്തവണയും ഫലം പ്രഖ്യാപിച്ചപ്പോൾ നിലവിലെ ഇടത് ഭരണ സമിതിയെ മൂലക്കിരുത്തിയാണ് യു.ഡി.എഫിന് ജനം വൻ വിജയം നൽകിയത്. ആകെയുള്ള 14 സീറ്റിൽ 11 സീറ്റും യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഇടതുപക്ഷം വെറും മൂന്ന് സീറ്റിലൊതുങ്ങി.
എൽ.ഡി.എഫിന്റെ കരുത്തരായ നേതാക്കളെ മുട്ടു കുത്തിയ യു.ഡി.എഫിന്റെ കുതിപ്പ് അക്ഷരാർഥത്തിൽ സി.പി.എമ്മിനെ ഞെട്ടിച്ചുകളഞ്ഞു. ഈ ഞെട്ടലിൽ നിന്നും സമീപകാലത്തൊന്നും ഇവർ മുക്തരാകുമെന്ന് തോന്നുന്നില്ല. മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളെ അണി നിരത്തിയാണ് തുടർഭരണ പ്രതീതി ഉണർത്തി അരയും തലയും മുറുക്കി ചെങ്കോട്ട നിലനിർത്താൻ 18 അടവുകളും പയറ്റിയത്. ചുവപ്പ് കോട്ടയായി നിലനിർത്തി പോരുന്ന ഡിവിഷനുകൾ ഒരിക്കലും തച്ചു തകർക്കാൻ കഴിയില്ലെന്ന അമിതമായ ആത്മവിശ്വാസത്തിന് മേലെയാണ് കോൺഗ്രസിന്റെ യുവ നിരകൾ ജയം കൊയ്തത്.
കഴിഞ്ഞ തവണ 13 സീറ്റിൽ ഒമ്പത് സീറ്റിൽ വിജയിച്ചാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. യു.ഡി.എഫിന് മൂന്ന് സീറ്റും ഒരു സീറ്റ് ബി.ജെ.പിക്കുമായിരുന്നു. എന്നാൽ ഇത്തവണ ആകെയുള്ള 14 ഡിവിഷനുകളിൽ പതിനൊന്നും യു.ഡി.എഫ് പിടിെച്ചടുക്കുന്നതാണ് കണ്ടത്. എൽ.ഡി.എഫിനാകട്ടെ മൂന്ന് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബി.ജെ.പിയുടെ ഉള്ള സീറ്റുപ്പോലും യു.ഡി.എഫ് തരംഗത്തിൽ ഒലിച്ചു പോയി. എൽ.ഡി.എഫ് ജയിച്ച മൂന്ന് സീറ്റുകളും സി.പി.എമ്മിന് ലഭിച്ചപ്പോൾ സി.പി.ഐക്ക് വട്ടപൂജ്യമായി. കഴിഞ്ഞ തവണ സി.പി.ഐക്ക് മൂന്ന് സീറ്റുകൾ ഉണ്ടായിരുന്നു. യു.ഡി.എഫിൽ 10 ഡിവിഷനുകളിൽ കോൺഗ്രസിന്റെ സ്ഥാനാർഥികൾ വെന്നിക്കൊടി പാറിച്ചപ്പോൾ മുസ്ലിം ലീഗിന് നൽകിയ ഒരു സീറ്റിൽ പാർട്ടി ജില്ല ട്രഷർ പി.എ. അഹമ്മദ് കബീർ വിജയിച്ചു. എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ കരുമാല്ലൂർ, ആലങ്ങാട്, കടുങ്ങല്ലൂർ വെസ്റ്റ്, നോർത്ത്, മുപ്പത്തടം സെൻട്രൽ, ആലങ്ങാട് സൗത്ത് എന്നിവിടങ്ങളിൽ ഇടത് സ്ഥാനാർഥികൾ തകർന്നടിഞ്ഞു. എൽ.ഡി.എഫിന്റെ അമിതമായ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായിരുന്നു ഇവിടങ്ങളിൽ നിന്നും ഉണ്ടായത്.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിജയികൾ
ഡിവിഷൻ, ജയിച്ച സ്ഥാനാർഥി, കക്ഷി, ഭൂരിപക്ഷം എന്നീ ക്രമത്തിൽ. 1. മനക്കപ്പടി -അഡ്വ. നമിത ജോസ്- എൽ.ഡി.എഫ് - 964, 2. കരുമാല്ലൂർ - വി.കെ. കുട്ടപ്പൻ - യു.ഡി.എഫ് - 913, 3. വെളിയത്തുനാട് - പി.എ. മുഹമ്മദ് കബീർ - യു.ഡി.എഫ് (മുസ്ലിം ലീഗ്) - 2312, 4. ആലങ്ങാട് - ലിസി ജോസ് മാളിയേക്കൽ - യു.ഡി.എഫ് - 70, 5. കടുങ്ങല്ലൂർ വെസ്റ്റ് - സിന്ധു പാനപ്പിള്ളി - യു.ഡി.എഫ് - 249, 6. കടുങ്ങല്ലൂർ നോർത്ത് - ജിൻഷാദ് ജിന്നാസ്- യു.ഡി.എഫ് - 1074, 7. മുപ്പത്തടം സെൻട്രൽ - വി.ജി. ജയകുമാർ - യു.ഡി.എഫ് - 1495, 8. മുപ്പത്തടം സൗത്ത്- പി.കെ. ലിജിഷ - എൽ.ഡി.എ, ഫ് - 219, 9. ആലങ്ങാട് സൗത്ത്- ജിൻസി റോളി - യു.ഡി.എഫ് - 1365, 10. പുത്തൻപ്പള്ളി - റാണി മത്തായി - യു.ഡി.എഫ് - 1190, 11. വരാപ്പുഴ - ഡെന്നി ജോസഫ്- യു.ഡി.എഫ് - 1528, 12. ചിറയ്ക്കകം - അമ്പിളി സജീവൻ - യു.ഡി.എഫ് - 365, 13. കൊങ്ങോർപ്പിള്ളി - സെബാസ്റ്റ്യൻ വേവുകാട് (സേവി) - യു.ഡി.എഫ് - 1503, 14. എം.കെ. ബാബു - എൽ.ഡി.എഫ് - 1172.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.