ആലങ്ങാട് ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തി തുറക്കുന്നതിന്റെ സി.സി ടി.വി ദൃശ്യം
ആലങ്ങാട്: പുരാതനമായ ആലങ്ങാട് ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. പള്ളിയുടെ പ്രധാന കവാടത്തിൽ സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങളിലൊന്ന് ഇരുമ്പ് പാര ഉപയോഗിച്ചാണ് കുത്തി പൊളിച്ച് പണം കവർന്നിട്ടുള്ളത്.
ഏകദേശം 25,000 രൂപയെങ്കിലും നഷ്ടപ്പെട്ടതായി മഹല്ല് പ്രസിഡന്റ് ബിനു അബ്ദുൽ കരിം പറഞ്ഞു. മറ്റൊരു ഭണ്ഡാരം പാതി കുത്തിത്തുറന്നിട്ടുണ്ട്. ഇതിൽനിന്ന് പണം നഷ്ടമായിട്ടില്ല. കുത്തിത്തുറക്കുന്നതും ഭണ്ഡാരത്തിൽ നിന്ന് പണം വാരിയെടുക്കുന്നതും സി.സി കാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ നാലിനാണ് സംഭവം. മുമ്പും ഈ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചിട്ടുണ്ട്.
ആലങ്ങാട്: ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് മോഷണം നടന്ന ആലങ്ങാട് ജുമാ മസ്ജിദിന് 100 മീറ്റർ മാത്രം അകലെയാണ്. എന്നിട്ടും പൊലീസിന് മോഷ്ടാക്കളെ കണ്ടെത്താനോ പിടികൂടാനോ കഴിയാതിരുന്നത് നാട്ടുകാർക്കിടയിൽ ചർച്ചയായിട്ടുണ്ട്. പൊലീസിന്റെ മൂക്കിന് താഴെ മോഷ്ടാക്കൾ വിലസിയിട്ടും കണ്ടുപിടിക്കാനോ മറ്റ് നടപടി സ്വീകരിക്കാനോ കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയാണന്ന് നാട്ടുകാർ പറയുന്നത്. പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറുമാസത്തിനിടെ നിരവധി മോഷണങ്ങളാണ് നടന്നത്.
ഒന്നിൽ പോലും മോഷ്ടാവിനെ പിടികൂടാൻ കഴിയാത്തത് നാണക്കേടായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തട്ടാംപടി വടക്കേവീട്ടിൽ ബാബുവിന്റെ വീടിന്റെ മുൻഭാഗത്തെ വാതിൽ പൊളിച്ച് കവർച്ച ശ്രമം നടന്നിരുന്നു. ഇതും പുലർച്ചയാണ് നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയതല്ലാതെ കേസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ ആലുവ-പറവൂർ റൂട്ടിൽ കാരുചിറയിൽ കരുമാല്ലൂർ പഞ്ചായത്തിന്റെ മിനി വ്യവസായ സമുച്ചയത്തിലെ നാല് സ്ഥാപനങ്ങളുടെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
കുടുംബശ്രീ ഹോട്ടൽ, മൃഗാശുപത്രി, ടൈലറിങ് യൂനിറ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് പണവും വാച്ചുകളും കവർന്നിരുന്നു. കരുമാല്ലൂർ പഞ്ചായത്ത് ഓഫിസിനനും ബിവറേജസ് കോർപറേഷൻ ചില്ലറ മദ്യ വിൽന കേന്ദ്രത്തിനും ഇടയിലുള്ള വീടിന്റെ വാതിൽ പൊളിച്ച് വിലയേറിയ ലാപ് ടോപ്പുകളും മറ്റ് സാധനങ്ങളും കവരുകയും ചെയ്തു. ഇതിന് പുറമെ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇന്ധനവും ബാറ്ററികളും ടയറുകളും മോഷ്ടിക്കുന്ന സംവങ്ങളുമുണ്ടായി. എന്നിട്ടും ആവശ്യമായ മുൻകരുതലുകളെടുക്കാനോ രാത്രി സമയങ്ങളിൽ റോന്ത് ചുറ്റാനോ പൊലീസ് മെനക്കെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.