ആലങ്ങാട്: മൂന്ന് പതിറ്റാണ്ടായി ഇടതു മുന്നണി ഭരണം കൈയാളുന്ന ആലങ്ങാട് പഞ്ചായത്തിൽ എൽ.ഡി.എഫ് തുടർ ഭരണത്തിനായി കോപ്പ് കൂട്ടുമ്പോൾ അട്ടിമറി വിജയം നേടാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ്. ആകെയുള്ള 24 വാർഡിലും ഇരുമുന്നണികളും മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കിയാണ് ബല പരീക്ഷണം നടത്തുന്നത്.
മുൻ പഞ്ചായത്ത് പ്രസിഡന്റ് രാധാമാണി ജെയ്സിങ്, നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, സിറ്റിങ് മെമ്പർമാരായ സുനി സജീവൻ, എൽസ ജേക്കബ്, വിൻസെന്റ് കാരിക്കാശേരി, ഉഷ രവി, ബിൻസി സുനിൽ, മുൻ മെമ്പർ വി.എച്ച്. സിറാജുദ്ദീൻ എന്നീ പ്രബലരെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്. യു.ഡി.എഫ് ആകട്ടെ തഴക്കവും പഴക്കവുമുള്ളവരേയും പുതുമുഖങ്ങളേയും അണിനിരത്തി. ഇടത്, വലത് മുന്നണികളിലും എൻ.ഡി.എ സഖ്യത്തിലുമായി 82 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്.
ഏറ്റവും അധികം സ്ഥാനാർഥികൾ രംഗത്തുളളത് ഹെഡ് ക്വാർട്ടേഴ്സ് വാർഡായ നീറിക്കോടാണ്. ഇവിടെ ആറ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫിൽ മുസ്ലിം ലീഗിന് ഒരു സീറ്റും ഒരു കക്ഷി രഹിതയും ബാക്കി വരുന്ന 22 സീറ്റിലും കോൺഗ്രസുമാണ് മത്സരിക്കുന്നത്. 38 വർഷമായി മെമ്പറായി തുടരുന്ന വി.ബി. ജബ്ബാർ, നിലവിൽ മെമ്പർമാരായ കെ.എസ്. നിജിത, സാബു പണിക്കശേരി എന്നിവരും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ, പി.കെ. സുരേഷ് ബാബു, ജോസ് ഗോപുരത്തിങ്കൽ, വി.ജെ. സെബാസ്റ്റ്യൻ, അന്ന ആൻസിലി, നിഷാദ് ദേവസി എന്നിവരാണ് പ്രധാന താരങ്ങൾ.
ബി.ജെ.പിക്ക് വേണ്ടി മുൻ മെമ്പർ സുരേഷ്പൈ ഉൾപ്പെടെ എല്ലാ വാർഡുകളിലും എൻ.ഡി.എ സഖ്യവും മത്സര രംഗത്തുണ്ട്. എസ്.ഡി.പി.ഐ, ട്വന്റി 20, ചില വാർഡുകളിൽ സ്വതന്ത്രൻമാരും ജനവിധി തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.