ചെല്ലാനത്തിന് 18 കോടിയുടെ അടിയന്തരപദ്ധതി

കൊച്ചി: ചെല്ലാനത്ത് കടൽക്ഷോഭ ഭീഷണി നേരിടുന്നതിന് 18 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ഫിഷറീസ് വകുപ്പിെൻറ മാതൃക മത്സ്യഗ്രാമം പദ്ധതി സംസ്ഥാനത്ത് ആദ്യമായി ചെല്ലാനത്ത് നടപ്പാക്കാനും തീരുമാനം. ചെല്ലാനത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ എറണാകുളത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.

കടൽക്ഷോഭത്തിൽ തകർന്ന ചെല്ലാനത്തെ മേഖലകൾ വ്യവസായ മന്ത്രി പി. രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. കടലാക്രമണം നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനായി അനുവദിച്ച രണ്ടുകോടി ഉടൻ വിനിയോഗിക്കും. ഒന്നാം പിണറായി സർക്കാറിെൻറ നൂറുദിന പദ്ധതിയിലുൾപ്പെടുത്തി ആവിഷ്കരിച്ച 16 കോടി രൂപയുടെ കടൽഭിത്തി നിർമാണപദ്ധതി ടെട്രാ ബോർഡ് കവചം സ്ഥാപിക്കാൻ ഉപയോഗിക്കും. ഇതിന്​ ടെൻഡർ നടപടി ജൂൺ 25ന് പൂർത്തിയാക്കും. വിജയൻ തോട്, ഉപ്പുതോട് ശുചീകരണം ഉടനടി പൂർത്തിയാക്കും.

ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനുള്ള എട്ടുകോടിയുടെ പദ്ധതി നടപ്പാക്കിവരുകയാണ്. ഇതിനുള്ള മണൽ കൊച്ചി തുറമുഖത്തുനിന്ന് ലഭ്യമാക്കും. ചെല്ലാനത്ത് ഉടനെയും ദീർഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

തീരദേശ ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മാതൃക മത്സ്യഗ്രാമം പദ്ധതിയിൽ ആദ്യമായി ഏറ്റെടുക്കുന്നത് ചെല്ലാനം പഞ്ചായത്തായിരിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രിമാർ പറഞ്ഞു.

പദ്ധതിയുടെ പഠനറിപ്പോർട്ട് തയാറാക്കാൻ തീരദേശ വികസന അതോറിറ്റി എം.ഡി ഷേക്ക് പരീതിനെ ചുമതലപ്പെടുത്തി. പദ്ധതി നിർവഹണത്തിന്​ രണ്ട് സമിതികൾ രൂപവത്കരിച്ചു. പൊതുമേൽനോട്ടത്തിന്​ മന്ത്രി പി. രാജീവ് രക്ഷാധികാരിയായ സമിതിയെയും സാങ്കേതിക മേൽനോട്ടത്തിന്​ തീരദേശ വികസന അതോറിറ്റി എം.ഡി ഷേക്ക് പരീത് അധ്യക്ഷനായ സാ​ങ്കേതിക സമിതിയെയും നിശ്ചയിച്ചു.

മന്ത്രിമാർക്കുപുറമേ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ് പി.ഡി. പ്രസാദ്, ജില്ല കലക്ടർ എസ്. സുഹാസ്, സബ് കലക്ടർ ഹാരിസ് റഷീദ്, ഡെപ്യൂട്ടി കലക്ടർ എസ്. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - 18 crore emergency plan for Chellanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.