ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് മന്ത്രിക്ക് 42 റോഡുകളുടെ പട്ടിക നല്‍കി -എം.എൽ.എ

പെരുമ്പാവൂര്‍: മണ്ഡലത്തിലെ 42 റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിക്ക് പട്ടിക നല്‍കിയതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ സി.പി.എം ഉള്‍പ്പെടെയുള്ള ഭരണപക്ഷ പാര്‍ട്ടികള്‍ സമര പരിപാടികള്‍ നടത്തുകയാണ്. നിയമസഭയിലും നേരിട്ടും റോഡുകളുടെ അവസ്ഥ നിരന്തരം മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തടി വ്യവസായ കേന്ദ്രവും ഫര്‍ണിച്ചര്‍ വ്യവസായവും സ്​റ്റീല്‍ വ്യവസായവും അരി വ്യവസായവും നിലകൊള്ളുന്ന പെരുമ്പാവൂരില്‍ ഭാരവാഹനങ്ങള്‍ കടന്നുപോകുന്നതുമൂലം റോഡുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ മന്ത്രിക്ക് അറിയാവുന്നതാണ്. ജില്ലയില്‍ വാഹന രജിസ്‌ട്രേഷന്‍ മുഖേന ഏറ്റവും കൂടുതല്‍ വരുമാനവുമുള്ള ആര്‍.ഡി.ഒ ഓഫിസ് സ്ഥിതി ചെയ്യുന്നത് പെരുമ്പാവൂരിലാണ്. ഒരുലക്ഷത്തിലധികം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന വ്യവസായ നഗരമായ പെരുമ്പാവൂരില്‍നിന്ന്​ ലഭിക്കുന്ന നികുതിയുടെ ഒരു ശതമാനം പോലും ഇവിടുത്തെ റോഡുകള്‍ക്കും അനുബന്ധ പ്രവൃത്തികള്‍ക്കുമായി വിനിയോഗിക്കുന്നില്ല. എം.എല്‍.എയുടെ നിഷ്‌ക്രിയത്വം മൂലമാണ് റോഡുകള്‍ നന്നാകാത്തതെന്നും എം.എല്‍.എയാണ് പണം അനുവദിക്കുന്നത് എന്നുമുള്ള രീതിയിലുള്ള പ്രചാരണം ബോധപൂര്‍വം ചില കേന്ദ്രങ്ങള്‍ നടത്തുകയാണ്. ഒരു പ്രതിപക്ഷ ജനപ്രതിനിധി എന്ന നിലയില്‍ മന്ത്രിമാരോട് ഈ ആവശ്യം നിരന്തരം അറിയിച്ചിട്ടും വേണ്ട പരിഗണന കിട്ടിയില്ല. രാഷ്​ട്രീയ വേര്‍തിരിവ് കാണിക്കാതെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ആവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കി റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.