മൂവാറ്റുപുഴയിൽ 25 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

മൂവാറ്റുപുഴ: നഗരത്തിലെ വെള്ളൂർക്കുന്നം കോർമല അടക്കമുള്ള മലയിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ മുൻകരുതലി​ൻെറ ഭാഗമായി റവന്യൂ വകുപ്പ് അധികൃതർ മാറ്റി പാർപ്പിച്ചു. വെള്ളൂർക്കുന്നത്തെ 50 ഓളം വ്യാപാരസ്ഥാപനങ്ങൾക്കും മുൻ കരുതൽ നോട്ടീസ് നൽകി. മൂവാറ്റുപുഴയിൽ ഉരുൾപൊട്ടലിന്​ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന കോർമലകുന്ന്, ആറൂർ ടോപ്പ്, തൃക്കളത്തൂർ കുരുട്ടായിമല എന്നിവിടങ്ങളിൽ‌ താമസിക്കുന്ന 25ഓളം കുടുംബങ്ങളോടാണ് മാറി താമസിക്കാനാവശ്യപെട്ട് മൂവാറ്റുപുഴ തഹസിൽദാറുടെ നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചയോടെ നോട്ടീസ് നൽകിയത്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു നടപടി. അപകട ഭീഷണി സൃഷ്​ടിക്കുന്ന നഗരത്തിലെ വെള്ളൂർക്കുന്നം കോർമലയിൽ അഞ്ച്​ കുടുംബങ്ങളോടാണ് മാറാൻ ആവശ്യപ്പെട്ടത്. എൻ.എസ്.എസ് സ്കൂളിനു സമീപം ഏറ്റവും അപകടകരമായി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്. മണ്ണിടിച്ചിലുണ്ടായാൽ ആദ്യം നിലംപൊത്തുക ഈ വീടുകളായിരിക്കും. പുത്തൻപുരയിൽ അലി, പോക്കളം ബാവു, വന്നലകൂടി മേരി, മണക്കണ്ടം മുഹമ്മദ് ലബ്ബ, തുണ്ടത്തിൽ സാലി എന്നിവരാണ് ഇവിടെ കഴിയുന്നത്. ഇതിൽ സാലിയുടെയും മേരിയുടെയും കുടുംബങ്ങളെ വാഴപ്പിള്ളി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മറ്റുള്ളവർ ബന്ധുവീടുകളിലേക്കാണ് പോയത്. കാലങ്ങളായി കുടുംബങ്ങൾ ഇവിടെയാണ് കഴിയുന്നത്. ഏഴു വർഷം മുമ്പ് കോർമലയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണപ്പോൾ മുതൽ ഇവരോട് മാറാൻ ആവശ്യപ്പെ​െട്ടങ്കിലും ഇവർ മാറിയിരുന്നില്ല. ഇവർക്ക് വേറെ സ്ഥലം ക​െണ്ടത്തി നൽകുമെന്നു പറഞ്ഞിരു​െന്നങ്കിലും നടന്നില്ല. ആറൂർ ടോപ്പിലും ആറൂർ കോളനിയിലും താമസിക്കുന്ന ആറ്​ കുടുംബങ്ങളോടും മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകി. ആറൂർ മലയിടിഞ്ഞു എം.സി റോഡിലേക്കു വീഴാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതലുകൾ എടുക്കാനും നടപടി എടുത്തിട്ടുണ്ട്. ഇതിനു പുറമെ തൃക്കളത്തൂർ കുരുട്ടായി മലയിൽ കഴിയുന്ന 11 കുടുംബളോടും മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോർമലയും ആറൂർ ടോപ്പും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് ഇടിഞ്ഞിരുന്നു. ഇവിടെ ഇനിയും അപകട സാധ്യത ഉള്ളതായാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം നഗരത്തിലെ പെട്രോൾ പമ്പിലേക്ക് കോർമലയിൽനിന്ന് മണ്ണും പാറക്കല്ലുകളു ഇടിഞ്ഞു വീണും അപകടം ഉണ്ടായി. വില്ലേജ് ഓഫിസർ എ.പി.സന്തോഷ് കുമാർ, പ്രിൻസിപ്പൽ എസ്.ഐ വി.കെ.ശശികുമാർ, തഹസിൽദാർ കെ.എസ്.സതീശൻ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിയാണ് മുന്നറിയിപ്പു നൽകിയത്. കോർമലയ്ക്കു മുന്നിൽ എം.സി റോഡിൽ 600 മീറ്ററോളം ഭാഗത്ത് പ്രവർത്തിക്കുന്ന അൻപതോളം കടകളിലും നോട്ടിസ് നൽകി. മഴ ശക്തമായാൽ കടകളിൽനിന്ന്​ വിലപിടിപ്പുള്ള സാധനങ്ങൾ മാറ്റാനും ജീവനക്കാരെ സുരക്ഷിതരാക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്. ആറൂർ ടോപ്പിലും ആറൂർ കോളനിയിലും കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിൽ നാല്​ വീടുകൾ തകർന്നിരുന്നു. ഇവിടെയും മുൻകരുതലി​ൻെറ ഭാഗമായി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജില്ല ഭരണകൂടത്തി​ൻെറ ഉരുൾപൊട്ടൽ സാധ്യത ലിസ്​റ്റിൽ ഉള്ള സ്ഥലങ്ങളാണിത്. കൂടാതെ വിജിലൻസ് കോടതി കെട്ടിടം സ്ഥിതി ചെയ്യുന്ന സത്രം കുന്നും ഉൾപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.