ഭൂമി തരംമാറ്റം; 150 താൽക്കാലിക ജീവനക്കാരെ നിയമിച്ചു

കൊച്ചി: ജില്ലയിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനായി ജില്ലയിലെ ആർ.ഡി ഓഫിസുകളിലും താലൂക്ക്, വില്ലേജ് അടക്കമുള്ള മറ്റ് റവന്യൂ ഓഫിസുകളിലേക്കുമായി 150 പേരെ താൽക്കാലികമായി നിയമിച്ചു. ചൊവ്വാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാനും അടിയന്തര പ്രാധാന്യത്തോടെ ഫയലുകൾ തീർപ്പാക്കാനും കലക്ടർ നിർദേശം നൽകി. ചടങ്ങിൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, ജില്ല എംപ്ലോയ്​മെന്‍റ്​ ഓഫിസർ ബെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ചും ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങളെക്കുറിച്ചും ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് ഉദ്യോഗാർഥികൾക്ക് പരിശീലന ക്ലാസ് നൽകി. ജില്ലയിലെ എട്ട് സെന്‍ററുകളിലായി നടത്തിയ എഴുത്തുപരീക്ഷകൾ വഴിയാണ് എൽ.ഡി ക്ലർക്കുമാരെ തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് റവന്യൂ വകുപ്പിലേക്ക് ഇത്തരത്തിലൊരു പരീക്ഷ നടന്നത്. മൂല്യനിർണയം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ അടക്കമുള്ള മുഴുവൻ നടപടിക്രമങ്ങളും തീർത്ത് നിയമന ഉത്തരവുകൾ വിതരണം ചെയ്യാൻ രണ്ടാഴ്ച സമയം മാത്രമാണ് എടുത്തത്. ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ജീവനക്കാരെയും കലക്ടർ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.