ചേർത്തല എസ്​.എച്ച്​ നഴ്​സിങ്​ കോളജ്​ രക്ഷാകർതൃയോഗത്തിലും പരാതിപ്രളയം

യോഗം നടന്നത്​ പൊലീസ്​ കാവലിൽ ചേര്‍ത്തല: എസ്.എച്ച് നഴ്‌സിങ് കോളജ് അധികൃതര്‍ക്കെതിരെ ആരോപണമുയർന്ന പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത രക്ഷാകർതൃയോഗത്തിലും പരാതിപ്രളയം. നഴ്​സിങ്​ കൗൺസിലിന്‍റെ നിർദേശത്തെത്തുടർന്ന്​ ചേർന്ന യോഗത്തിൽ വിദ്യാർഥികൾ ഉയർത്തിയ പരാതികൾ പരിഹരിക്കാൻ തീരുമാനമായി. ആരോപണവിധേയർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ വീണ്ടും റിപ്പോര്‍ട്ട് തയാറാക്കി കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക്​ നല്‍കും.13ന്​ ചേരുന്ന യോഗത്തില്‍ വിഷയത്തില്‍ ചര്‍ച്ചചെയ്ത്​ നടപടി സ്വീകരിക്കും. കോളജില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികള്‍. നഴ്‌സിങ് കൗണ്‍സില്‍ സൂപ്രണ്ടും അംഗങ്ങളും പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ രക്ഷിതാക്കളെ ഓരോരുത്തരെയായി കണ്ടാണ് വിവരങ്ങള്‍ തേടിയത്. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിന് പൊലീസ്​ കാവലിലായിരുന്നു രക്ഷിതാക്കളുടെ യോഗം. വിദ്യാര്‍ഥി സംഘടന പ്രതിനിധികളെ യോഗത്തില്‍ ഉൾപ്പെടുത്തുമെന്ന്​ പറഞ്ഞെങ്കിലും പ്രവേശനാനുമതി നിഷേധിച്ചത്​ പ്രതിഷേധങ്ങൾക്ക്​ ഇടയാക്കി. 15 ദിവസങ്ങള്‍ക്കുശേഷം ജനറല്‍ബോഡി യോഗം ചേര്‍ന്ന് തുടർ നടപടിയെടുക്കും. ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കാനാണ്​ മാനേജ്‌മെന്‍റിന്​​ 15 ദിവസം അനുവദിച്ചത്. ഇതിനി​ടെ മാനേജ്‌മെന്‍റ്​ ഇടപെട്ട്​ പരിഹാരമുണ്ടാക്കുമെന്നാണറിയുന്നത്​. ഫോണ്‍വിളിക്കുന്നതിലും ഭക്ഷണത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ചും ഉയർന്ന പരാതികൾ പരിഹരിക്കാമെന്ന്​ മാനേജ്​മെന്‍റ്​ ഉറപ്പുനൽകിയിട്ടുണ്ട്​. കോളജില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച്​ ഡോക്ടര്‍മാരുടെ ചെരിപ്പ്​ വൃത്തിയാക്കൽ, ലൈംഗിക അധിക്ഷേപം, വാർഡുകളും ശുചിമുറികളും കഴുകുന്നതടക്കമുള്ള ഗുരുതര പരാതികൾ നഴ്​സിങ്​ കൗൺസിലിന്​ മുന്നിലെത്തിയതോടെ സംഭവം വിവാദമായത്​. തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാല അധികൃതർ വിദ്യാര്‍ഥികളില്‍നിന്ന്​ തെളിവുകള്‍ ശേഖരിച്ചിരുന്നു. രക്ഷിതാക്കളുടെ യോഗത്തിലുയര്‍ന്ന വിഷയങ്ങള്‍ വിലയിരുത്തി ഈമാസം 21ന്​ കൂടുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ റൂബി ജോണ്‍ അറിയിച്ചു. APG cherthala sh colleage ചേര്‍ത്തല എസ്.എച്ച് നഴ്‌സിങ് കോളജില്‍ നടന്ന രക്ഷാകര്‍തൃയോഗത്തിന്​ സുരക്ഷയൊരുക്കി കവാടത്തിൽ കാവൽനിൽക്കുന്ന പൊലീസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.