നടി ആ​ക്രമണക്കേസ്​: ശ്രീജിത്തിനെ മാറ്റിയതിനെതിരെ ഹരജി; വിശദീകരണം ​തേടി ഹൈകോടതി

കൊച്ചി: നടിയെ ആ​ക്രമിച്ച കേസിന്‍റെ​ തുടരന്വേഷണ മേൽനോട്ട ചുമതലയിൽനിന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ മാറ്റിയതിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം ​തേടി. ശ്രീജിത്തിനുപകരം ഷേഖ്​ ദർവേഷ് സാഹിബിനെ നിയോഗിച്ച് ഏപ്രിൽ 22ന്​ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്​ ചോദ്യംചെയ്ത്​ കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർനാഷനൽ ഹ്യുമൻറൈറ്റ്സ് കൗൺസിൽ പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കര നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ശ്രീജിത്തിനെ ഗതാഗത കമീഷണറാക്കിയാണ്​ മാറ്റി നിയമിച്ചത്​. മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥനെ പാതിവഴിയിൽ മാറ്റുന്നത്​ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്​ ഹരജിയിലെ വാദം. കേരള പൊലീസ് ആക്ടിലെ സെക്ഷൻ 97 പ്രകാരം രണ്ടുവർഷമെങ്കിലും ഉദ്യോഗസ്ഥനെ ഒരുപദവിയിൽ തുടരാൻ അനുവദിക്കണമെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, ഈ വ്യവസ്ഥ സംസ്ഥാന പൊലീസ് മേധാവി, റേഞ്ച് ഐ.ജിമാർ, ജില്ല പൊലീസ് സൂപ്രണ്ടുമാർ, കമീഷണർമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എന്നിവർക്കാണ് ബാധകമാവുകയെന്ന്​ കോടതി വാക്കാൽ നിരീക്ഷിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്​ ബാധകമല്ലെന്നും വ്യക്തമാക്കി. തുടർന്ന്​ ഇക്കാര്യത്തിൽ പൊലീസ്​ മേധാവിയോട്​ വിശദീകരണം തേടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.