കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസിന്റെ യുവജനയാത്രക്ക് തുടക്കം

പാറക്കടവ്: കെ-റെയിലിന്‍റെ മറവില്‍ പിണറായി സര്‍ക്കാര്‍ ജനത്തെ വഞ്ചിക്കുന്ന ഗൂഢതന്ത്രങ്ങളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ' കെ.റെയില്‍ വേണ്ട -കേരളം മതി' മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ ജില്ല അതിർത്തി കൂടിയായ പാറക്കടവ് പഞ്ചായത്തിലെ പുളിയനത്തുനിന്ന്​ ആരംഭിച്ച കെ-റെയില്‍ വിരുദ്ധ യുവജനയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും പിന്നിട്ട വമ്പന്‍ അഴിമതികള്‍ മറയ്​ക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. പാവപ്പെട്ട അനേകങ്ങളെ വഴിയാധാരമാക്കി കമീഷന്‍ തട്ടാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സന്ധിയില്ലാ സമരത്തിന് തുടക്കം കുറിച്ചതായും ഷാഫി പറമ്പില്‍ പറഞ്ഞു. ജാഥ ക്യാപ്റ്റനും ജില്ല പ്രസിഡന്‍റുമായ ടിറ്റോ ആന്‍റണിക്ക് ഷാഫി പറമ്പില്‍ പതാക കൈമാറി. യൂത്ത് കോണ്‍ഗ്രസ് ​ബ്ലോക്ക് പ്രസിഡന്‍റ് ലൈജു ഈരാളി അധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹനാന്‍, ജെബി മേത്തര്‍, എം.എല്‍.എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍.എമാരായ പി.ജെ. ജോയി, എം.എ. ചന്ദ്രശേഖരൻ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ദീപക് ജോയി, അബിന്‍ വര്‍ക്കി, ലിന്‍റോ പി. ആന്‍റു, അരുണ്‍കുമാര്‍, ജിന്‍ഷാദ് ജിന്നാസ്, അഫ്സല്‍ നമ്പ്യാരത്ത്, ഒ.ജെ. ജെനീഷ്, അഷ്കര്‍ പനയപ്പിള്ളി, അബ്ദുൽ റഷീദ്, ഷാന്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് വിവിധ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.