'അക്വേറിയം' സിനിമക്ക്​ പ്രദർശനാനുമതി

കൊച്ചി: കന്യാസ്ത്രീകൾ കഥാപാത്രങ്ങളായ 'അക്വേറിയം' സിനിമക്ക്​ ഹൈകോടതി പ്രദർശനാനുമതി നൽകി. കന്യാസ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങളടങ്ങിയ ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്നതിനാൽ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട്​ കന്യാസ്ത്രീകളായ ജോസിയ, മേരി എന്നിവർ നൽകിയ ഹരജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളി. ചിത്രത്തിന്​ പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ്​ നടപടി കോടതി ശരിവെച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയത്​ സംബന്ധിച്ച്​ ഹരജിക്കാർക്ക് പരാതിയുണ്ടെങ്കിൽ നിയമപ്രകാരം കേന്ദ്രസർക്കാറിന് നൽകാമെന്നും ഉത്തരവിൽ പറയുന്നു. നേരത്തേ പ്രദർശനം കോടതി സ്​റ്റേ ചെയ്തിരുന്നു. 'പിതാവും പുത്രനും പരിശുദ്ധാത്മാവും' എന്ന പേരിൽ തയാറാക്കിയ ചിത്രത്തിന് നേരത്തേ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നെന്നും പിന്നീട് പേരുമാറ്റി സമർപ്പിച്ച് പ്രദർശനാനുമതി നേടിയതാണെന്നുമാണ്​ ഹരജിക്കാരുടെ വാദം. ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുമ്പോഴാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ടി. ദീപേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ സണ്ണി വെയ്‌ൻ, ഹണി റോസ്, ശാരി, സംവിധായകൻ വി.കെ. പ്രകാശ് എന്നിവർ അഭിനയിച്ചിട്ടുണ്ട്. ദീപേഷിന്റെ കഥക്ക്​ ബൽറാമാണ് തിരക്കഥ ഒരുക്കിയത്. സിനിമ കലാരൂപവും അഭിപ്രായപ്രകടനത്തിനുള്ള മാധ്യമവുമാണെന്നും ചലച്ചിത്രകാരന് അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രീകരണത്തിലെ തെറ്റ്, ദുരുദ്ദേശ്യം തുടങ്ങിയ ആരോപണങ്ങൾ ചിത്രം പ്രദർശിപ്പിക്കുന്നത്​ തടയാൻ മതിയായ കാരണമല്ല. ചിത്രം പ്രദർശിപ്പിക്കുന്നത്​ പൊതുതാൽപര്യത്തിന്​ വിരുദ്ധമാണെന്ന് തെളിയിക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞില്ലെന്നും സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.