ബി.പി.സി.എല്ലിനും കൊച്ചി മെട്രോക്കും അസറ്റ് ഹോംസിനും സി.ഐ.ഡി.സി ദേശീയ അവാര്‍ഡ്​

കൊച്ചി: നിര്‍മാണവ്യവസായ മേഖലയും നിതി ആയോഗും പ്രൊമോട്ട്​ ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (സി.ഐ.ഡി.സി) അവാര്‍ഡുകള്‍ വാരിക്കൂട്ടി കേരളത്തില്‍നിന്നുള്ള ബി.പി.സി.എല്‍-കൊച്ചി റിഫൈനറി, കൊച്ചി മെട്രോ റെയിലിനുവേണ്ടി കെ.ഇ.സി ഇന്റര്‍നാഷനല്‍, പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് എന്നീ സ്ഥാപനങ്ങള്‍. ബി.പി.സി.എല്ലും കെ.ഇ.സി ഇന്റര്‍നാഷനലും രണ്ട് അവാര്‍ഡ്​ വീതം നേടിയപ്പോള്‍ അസറ്റ് ഹോംസ് ആറ് അവാര്‍ഡ്​ നേടി. വ്യവസായിക വിഭാഗത്തില്‍ വടക്കഞ്ചേരി മേഖലയിലെ നാലുവരിപ്പാതയുടെ നിര്‍മാണത്തിന് കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സും ബി.എസ് 6 മോട്ടോര്‍ ബ്ലോക്ക് പദ്ധതിയുടെ നിര്‍മാണത്തിന് ബി.പി.സി.എല്ലുമാണ് ഏറ്റുവും മികച്ച നിര്‍മാണ പദ്ധതികള്‍ക്കുള്ള അവാര്‍ഡുകള്‍ നേടിയത്. പാര്‍പ്പിട നിര്‍മാണ വിഭാഗത്തിലാണ് തിരുവനന്തപുരത്തെ അപ്പാർട്​മെന്റ് പദ്ധതിയായ അസറ്റ് ഓര്‍ക്കസ്ട്രക്ക്​ അവാര്‍ഡ് ലഭിച്ചത്. കാറ്റഗറി മൂന്നില്‍ ഏറ്റവും പ്രഫഷനലായി മാനേജ് ചെയ്യപ്പെടുന്ന സ്ഥാപനത്തിനുള്ള അവാര്‍ഡും അസറ്റ് ഹോംസ് നേടി. സുരക്ഷ, ആരോഗ്യം, പരിസ്ഥിതി വിഭാഗത്തില്‍ കൊച്ചി മെട്രോക്കുവേണ്ടി കെ.ഇ.ഇ.സി ഇന്റര്‍നാഷനലും കാക്കനാട്ടെ അസറ്റ് ആല്‍പൈന്‍ ഓക്‌സ് എന്ന അപ്പാര്‍ട്മെന്റ് പദ്ധതിക്കുവേണ്ടി അസറ്റ് ഹോംസും അവാര്‍ഡുകള്‍ നേടി. കൊറോണക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള (കൊറോണ വാരിയേഴ്‌സ്) അവാര്‍ഡ് ബി.പി.സി.എല്‍-കൊച്ചി റിഫൈനറി, കൊച്ചി മെട്രോക്കുവേണ്ടി കെ.ഇ.സി ഇന്റര്‍നാഷനല്‍, അസറ്റ് ഹോംസിന്റെ കൊച്ചി മരടിലുള്ള അസറ്റ് രംഗോലി പദ്ധതി എന്നിവ പങ്കിട്ടു. നിര്‍മാണമേഖലക്ക്​ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അസറ്റ് ഹോംസ് ഡയറക്ടര്‍മാര്‍ കൂടിയായ സി.വി. റപ്പായി, ഹസ്സന്‍ കുഞ്ഞി എന്നിവരും അവാര്‍ഡുകള്‍ നേടി. നിര്‍മാണമേഖലയില്‍നിന്നുള്ള ഏറ്റവും മികച്ച വാര്‍ത്ത കവറേജിന്റെ വിഭാഗത്തിലും അസറ്റ് ഹോംസ് അവാര്‍ഡ് നേടി. ട്രോഫികളും മെഡലുകളും സാക്ഷ്യപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡുകള്‍ ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ സ്റ്റെയ്ന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെള്ളിയാഴ്​ച സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.