മകളെ ശ്വാസം മുട്ടിച്ച്​ കൊന്ന പിതാവിന്‍റെ ജാമ്യഹരജി ഹൈകോടതി തള്ളി

കൊച്ചി: പത്തു വയസ്സുകാരിയായ മകൾ വൈഗയെ ശ്വാസം മുട്ടിച്ച്​ കൊന്ന്​ മുട്ടാർ പുഴയിലെറിഞ്ഞ സനു മോഹന്‍റെ ജാമ്യഹരജി ഹൈകോടതി തള്ളി. തനിക്കെതിരായ തെളിവുകൾ പരസ്പര വിരുദ്ധമാണെന്നും കുട്ടിയെ കൊലപ്പെടുത്തിയത്​ താനാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നൽകിയ ജാമ്യ ഹരജിയാണ്​ ജസ്റ്റിസ് പി. ഗോപിനാഥ്​ തള്ളിയത്​. എറണാകുളം പോക്‌സോ കോടതിയിൽ കേസിന്‍റെ വിചാരണ നടപടികൾ തുടങ്ങിയെന്നും പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഹരജി തള്ളിയത്. 2021 മാർച്ച് 22നാണ് വൈഗയെ മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ അമ്മവീട്ടിൽനിന്ന് വൈഗയെ കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്ന സനു മോഹൻ കുട്ടിക്ക് സോഫ്റ്റ്​ ഡ്രിങ്കിൽ മദ്യം ചേർത്ത്​ നൽകി അബോധാവസ്ഥയിലാക്കിയശേഷം ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തിയെന്നും പിന്നീട് മുട്ടാർ പുഴയിൽ എറിഞ്ഞെന്നുമാണ് കേസ്. വൻ കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോകാൻ തീരുമാനിച്ച സനു മോഹൻ താൻ ഒളിവിൽ പോയാൽ ഭാര്യയും ബന്ധുക്കളും മകളെ നന്നായി നോക്കില്ലെന്ന്​ ചിന്തിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന്​ പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ, കുട്ടികളെ കൊലപ്പെടുത്തിയ അമ്മമാർക്ക് പല കേസിലും ജാമ്യം ലഭിച്ചതും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. 2021 ഏപ്രിൽ 18 മുതൽ കസ്റ്റഡിയിലാണെന്നും അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ തടവിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.