ബദിര വിദ്യാർഥികൾക്ക്​ കോളജ്​ വേണമെന്ന്​ ഹരജി; സർക്കാറിന്​ നോട്ടീസ്

കൊച്ചി: ബധിര വിദ്യാർഥികൾക്ക്​ എയ്‌ഡഡ് കോളജ് തുടങ്ങാൻ അനുമതി തേടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികളോട്​ വിശദീകരണം തേടി. ബധിര വിദ്യാർഥികൾക്ക്​ വേണ്ടി കമ്പ്യൂട്ടർ സയൻസിൽ ബിരുദ കോഴ്‌സുള്ള കോളജ് തുടങ്ങാൻ എൻ.ഒ.സിക്കുവേണ്ടി സമർപ്പിച്ച അപേക്ഷ നിരസിച്ചത്​ ചോദ്യംചെയ്ത്​ ആലുവ സേക്രഡ് ഹാർട്ട് ക്ലേരിസ്റ്റ്​ പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ മുരളി പുരുഷോത്തമൻ പരിഗണിച്ചത്​. സംസ്ഥാന സർക്കാറിനെയും എം.ജി സർവകലാശാലയെയും എതിർകക്ഷികളാക്കി നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. മാണിക്കമംഗലത്ത് ഹരജിക്കാർ നടത്തുന്ന സെന്റ് ക്ലയർ ഓറൽ ഹയർ സെക്കൻഡറി സ്കൂളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നുള്ള 230 കുട്ടികൾ പഠിക്കുന്നുണ്ടെന്ന്​ ഹരജിയിൽ പറയുന്നു. കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ ഇത്തരത്തിലുള്ള ഹയർ സെക്കൻഡറി സ്കൂളുകൾ വേറെയുമുണ്ട്. 125 കുട്ടികൾ ഈ സ്ഥാപനങ്ങളിൽനിന്ന് കോഴ്സ് കഴിഞ്ഞിറങ്ങുന്നുണ്ടെങ്കിലും തുടർന്ന്​ പഠിക്കാൻ കോളജുകളില്ല. ഹരജിക്കാർ എൻ.ഒ.സിക്കായി സമർപ്പിച്ച അപേക്ഷ പുതിയ എയ്‌ഡഡ് കോളജുകൾക്ക് അനുമതി നൽകേണ്ടെന്ന നയതീരുമാനം ചൂണ്ടിക്കാട്ടിയാണ്​ നിരസിച്ചത്​. ​പ്രത്യേക വിഭാഗത്തിന്​ കോളജ്​ വേണ്ടതിന്‍റെ അനിവാര്യത കണക്കിലെടുത്ത്​ എൻ.ഒ.സി നൽകാൻ നിർദേശിക്കണമെന്നും കോളജിന് അഫിലിയേഷൻ നൽകാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ്​ ഹരജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.