ഏഴിക്കര പഞ്ചായത്ത് ബജറ്റ് പൊക്കാളി കാര്‍ഷിക മേഖലക്കും കായൽ വിനോദസഞ്ചാരത്തിനും പരിഗണന

പറവൂർ: പൊക്കാളി കാര്‍ഷിക മേഖലക്കും കായൽ വിനോദസഞ്ചാരത്തിനും പരിഗണന നൽകി ഏഴിക്കര പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 22.19 കോടി വരവും 22.01 കോടി ചെലവും 18.19 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്‍റ്​ പി. പത്മകുമാരി അവതരിപ്പിച്ചു. കൃഷിയുടെ ഉന്നമനത്തിന് 22.60 ലക്ഷം, ടൂറിസം പദ്ധതികൾക്ക് 80 ലക്ഷം രൂപയും വകയിരുത്തി. ഭവന നിര്‍മാണത്തിന് 1.24 കോടി, മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിവിധ പദ്ധതികൾക്ക് 16.50 ലക്ഷം, മൃഗസംരക്ഷണത്തിന് 25.50 ലക്ഷം, ആയുർവേദ, ഹോമിയോ ഡിസ്​പെന്‍സറികള്‍ക്ക് സ്ഥലം വാങ്ങുന്നതിന് 10 ലക്ഷം, തോടുകളുടെ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിന് 22 ലക്ഷം, തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് എട്ട് ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് 3.25 കോടി രൂപയും വകയിരുത്തി. എന്നാൽ, കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളെക്കുറിച്ചും ഈ ബജറ്റിൽ മിണ്ടുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചാത്തനാട് ഫിഷ് ലാൻഡിങ്​​ സെന്‍റർ, ഗ്യാസ് ക്രിമറ്റോറിയം എന്നിവയുടെ തുടർപ്രവർത്തനങ്ങൾക്ക്​ തുക വകയിരുത്തിയിട്ടില്ല. പഞ്ചായത്തി‍ൻെറ ടൂറിസം സാധ്യതകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന തീരദേശ റോഡി‍ൻെറ കാര്യങ്ങളുൾപ്പെടെ പല പ്രധാന കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.എൻ. വിനോദ് പറഞ്ഞു. യോഗത്തിൽ പ്രസിഡന്‍റ്​ കെ.ഡി. വിൻസന്‍റ്​ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.