യുക്രെയ്​നിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ സംഗമം നടത്തി

കാക്കനാട്: റഷ്യ-യുക്രെയ്​ൻ യുദ്ധത്തെതുടർന്ന് പഠനം അനിശ്ചിതത്വത്തിലായി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം നടന്നു. ഓൾ കേരള യുക്രെയ്​ൻ മെഡിക്കൽ സ്റ്റുഡന്‍റ്​സ്​ ആൻഡ്​ പാരന്‍റ്​സ്​ അസോസിയേഷൻ (എ.കെ.യു.എം.എസ്.പി.എ) സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ്​ വിദ്യാർഥികളും രക്ഷിതാക്കളും ഒത്തുകൂടിയത്. തുടർപഠനം സംബന്ധിച്ച ആശങ്ക കേന്ദ്ര-സംസ്ഥാന സർക്കാറുകളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു സംഗമം. ഇതിനായി മെമോറാണ്ടവും തയാറാക്കി. ദേശീയ മെഡിക്കൽ കൗൺസിൽ ഉത്തരവ് പ്രകാരം വിദേശത്ത് മെഡിക്കൽ ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥികൾ പഠനം ആരംഭിച്ച സർവകലാശാലയിൽനിന്നുതന്നെ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നാണ് നിയമം. യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി പഠനം തുടരാനുള്ള സൗകര്യം ഉണ്ടാക്കണമെന്നായിരുന്നു സംഗമത്തിൽ പങ്കെടുത്തവരുടെ ആവശ്യം. ഏപ്രിൽ 15നുമുമ്പ്​ നടപടിയുണ്ടായില്ലെങ്കിൽ ഒരുവർഷം പാഴായിപ്പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും വിദ്യാർഥികൾ പറഞ്ഞു. വിവിധ ജില്ലകളിൽനിന്നുള്ള ആയിരത്തോളം വിദ്യാർഥികളും രക്ഷിതാക്കളുമായിരുന്നു സംഗമത്തിന് എത്തിയത്. ഇവരിൽ ഒന്നാംവർഷ വിദ്യാർഥികൾ മുതൽ പഠനം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുന്നവർ വരെയുണ്ട്. സംസ്ഥാന പ്രസിഡന്‍റ്​ പി. സതീശൻ സ്വാഗതവും സെക്രട്ടറി സിൽവി സുനിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: ഓൾ കേരള യുക്രെയ്​ൻ മെഡിക്കൽ സ്റ്റുഡന്‍റ്​സ്​ ആൻഡ്​ പാരന്‍റ്​സ്​ അസോസിയേഷ‍ൻെറ നേതൃത്വത്തിൽ നടന്ന യുക്രെയ്​നിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.