പള്ളിക്കരയിൽ​ ദേശീയ പണിമുടക്ക്​ ദിവസങ്ങളിൽ പൊലീസ്​ സംരക്ഷത്തിന്​ ഉത്തരവ്​

കൊച്ചി: എറണാകുളം പള്ളിക്കരയിലെ വ്യാപാര സ്ഥാപനങ്ങൾ ദേശീയ പൊതുപണിമുടക്ക്​ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന്​ ഹൈകോടതി. ഏതു ഹർത്താലിലും കടകൾ തുറക്കുന്ന പള്ളിക്കരയിലെ വ്യാപാരസ്ഥാപനങ്ങൾ 28, 29 തീയതികളിലെ പൊതുപണിമുടക്കിന്‍റെ സാഹചര്യത്തിൽ തുറക്കാൻ സമരക്കാർ അനുവദിക്കില്ലെന്ന ആശങ്ക ചൂണ്ടിക്കാട്ടി പള്ളിക്കര മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.പി. ജോയി നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്​. സ്ഥാപനങ്ങൾ തുറക്കുമ്പോൾ ഭീഷണി ഉണ്ടായാൽ ഹരജിക്കാർ കുന്നത്തുനാട് പൊലീസിനെ അറിയിക്കണമെന്നും പൊലീസ് നടപടിയെടുക്കണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു. അഞ്ചു വർഷമായി പള്ളിക്കരയിലെ വ്യാപാര സ്ഥാപനങ്ങൾ ഹർത്താലുമായി സഹകരിക്കുന്നില്ലെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പണിമുടക്കിന്റെ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം തേടി അപേക്ഷ നൽകിയിട്ടുണ്ടെന്നും ഹരജിക്കാർ വിശദീകരിച്ചു. പള്ളിക്കര മർച്ചന്റ്സ് അസോസിയേഷനിലെ സ്ഥാപനങ്ങൾ തുറക്കാൻ മതിയായ പൊലീസ് സംരക്ഷണം നൽകാമെന്ന് സർക്കാറും അറിയിച്ചു. സംരക്ഷണത്തിന്​ ഉത്തരവിട്ട കോടതി തുടർന്ന്​ ഹരജി ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.