ആലുവ: നഗരസഭ വൈസ് ചെയർപേഴ്സൻ സ്ഥാനത്തിന് കോൺഗ്രസിൽ ചരടുവലി സജീവമായി. വൈസ് ചെയർപേഴ്സനായിരുന്ന ജെബി മേത്തർ ഹിഷാം രാജിവെച്ച ഒഴിവിലേക്കാണ് കോൺഗ്രസിലെ ഒരു വനിത കൗൺസിലർക്ക് അവസരം വന്നിരിക്കുന്നത്. ജെബി മേത്തർ എ ഗ്രൂപ്പുകാരിയാണ്. നഗരസഭ ചെയർമാൻ, വൈസ് ചെയർപേഴ്‌സൻ സ്ഥാനങ്ങൾ കാലങ്ങളായി എ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണുള്ളത്. എങ്കിലും വൈസ് ചെയർപേഴ്സൻ സ്ഥാനത്തിന് ഐ ഗ്രൂപ്പും കളത്തിലിറങ്ങിയിട്ടുണ്ട്. 26 അംഗ കൗൺസിലിൽ ഭരണപക്ഷമായ കോൺഗ്രസിന് 14 അംഗങ്ങളാണുള്ളത്. ഇടതുപക്ഷത്തിന് ഏഴും ബി.ജെ.പിക്ക് നാലും കൗൺസിലർമാരുണ്ട്. സ്വതന്ത്രയായ ഒരുകൗൺസിലർ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആളുമാണ്. എ വിഭാഗത്തിന്‍റെ കോട്ടയായ ആലുവയിൽ കോൺഗ്രസിൽ മൂന്നുപേർ ഒഴികെയുള്ളവരെല്ലാം എ ഗ്രൂപ്പുകാരാണ്. അതിനാൽതന്നെ ചെയർമാൻ സ്ഥാനവും വൈസ് ചെയർപേഴ്‌സൻ സ്ഥാനവും എ ഗ്രൂപ് കൈവശപ്പെടുത്തുകയായിരുന്നു. അംഗബലം കുറവായതിനാൽ ഐ വിഭാഗം കാര്യമായ അവകാശവാദങ്ങൾക്ക് നിന്നില്ല. എന്നാൽ, ജെബി മേത്തർ രാജിവെച്ച ഒഴിവിൽ വരുന്ന വൈസ് ചെയർപേഴ്സൻ സ്ഥാനം തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെടാനാണ് ഐ പക്ഷനീക്കം. ഐ പക്ഷത്തുനിന്ന് വനിത പ്രതിനിധികളായുള്ളത് ആറാം വാർഡിൽനിന്നുള്ള ലിസ ജോൺസണും 26ൽനിന്നുള്ള സീനത്ത് മൂസാക്കുട്ടിയുമാണ്. എ വിഭാഗത്തിൽ വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് വരാൻ സാധ്യത സൈജി ജോളിയാണ്. ഐ ഗ്രൂപ്പിൽ സീനിയോറിറ്റി ലിസക്കാണുള്ളത്. 2010-15 കാലയളവിൽ ലിസ കൗൺസിലറായിരുന്നു. മഹിള കോൺഗ്രസ് തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡൻറുമാണ്. ജെബി ഒഴിയുന്ന ധനകാര്യ സ്ഥിരം സമിതിയിലും ലിസ അംഗമാണ്. കോൺഗ്രസിന്‍റെ വനിത കൗൺസിലർമാരിൽ ലിസയെകൂടാതെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എ ഗ്രൂപ്പിലെ സൈജി ജോളിയാണ്. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷകൂടിയാണ്. കോൺഗ്രസിലെ 14 കൗൺസിലർമാരിൽ ജെബി രാജിവെക്കുമ്പോൾ അംഗബലം 13 ആയി ചുരുങ്ങും. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയില്ലെങ്കിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ 13 വീതമാകും. എന്നാൽ, എൽ.ഡി.എഫും ബി.ജെ.പിയും ഒരുമിക്കില്ലെന്നതിനാൽ ഭരണം നഷ്ടപ്പെടാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.