ടാങ്കർ ലോറി പണിമുടക്ക്​ തുടങ്ങി, ഇന്ധന വിതരണത്തിന്​ ഭാഗിക തടസ്സം

കൊച്ചി: ജി.എസ്​.ടി അടക്കുന്നത്​ സംബന്ധിച്ച്​ എണ്ണക്കമ്പനികളുമായി ഉടലെടുത്ത തർക്കത്തെ തുടർന്ന്​ ടാങ്കർ ലോറി പണിമുടക്ക്​ തുടങ്ങി. ബി.പി.സി.എൽ, എച്ച്​.പി.സി.എൽ കമ്പനികളിൽനിന്ന്​ എല്ലാ സർവിസുകളും നിർത്തി പെട്രോളിയം പ്രോഡക്ട്​സ്​ ട്രാൻസ്​പോർട്ടേഴ്​സ്​ വെൽഫെയർ അസോസിയേഷനാണ്​ അനിശ്ചിതകാല പണിമുടക്ക്​ ആരംഭിച്ചത്​. പണിമുടക്ക്​ നീണ്ടാൽ സംസ്ഥാനത്തെ 60 ശതമാനം പെട്രോൾ പമ്പുകളിലും ഇന്ധന വിതരണം മുടങ്ങും. ഐ.ഒ.സി പമ്പുകളെ പണിമുടക്ക്​ ബാധിക്കില്ല. പെട്രോൾ, ഡീസൽ, എ.ടി.എഫ്​, മണ്ണെണ്ണ, ഫർണസ്​ ഓയിൽ എന്നിവയു​ടെ നീക്കമാണ്​ മുടങ്ങുക. എറണാകുളം ജില്ല കലക്ടർ ജാഫർ മാലിക്​ തിങ്കളാഴ്ച ​എണ്ണക്കമ്പനി ഉദ്യോഗസ്ഥരും ടാങ്കർ ലോറി ഉടമകളുടെ സംഘടന ഭാരവാഹികളുമായി നടത്തിയ ചർച്ചയിലും പരിഹാരം ഉരുത്തിരിഞ്ഞില്ല. ടാങ്കർ ഉടമകൾ ജി.എസ്​.ടി അടക്കണമെന്ന വാദത്തിൽ ബി.പി.സി.എൽ, എച്ച്​.പി.സി.എൽ ഉദ്യോഗസ്ഥർ ഉറച്ചുനിന്നു. എന്നാൽ, അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യത്തിലെ കരാർ കാണിച്ചതോടെ ജി.എസ്​.ടി വകുപ്പുമായി എണ്ണക്കമ്പനി ഉദ്യോഗസ്ഥർ ചർച്ച നടത്തണമെന്ന്​ കലക്ടർ ആവശ്യപ്പെട്ടു. ഇതിലും പരിഹാരം കണ്ടെത്താനായിട്ടില്ല. ടാങ്കർ ലോറി ഉടമകളും എണ്ണക്കമ്പനികളും തമ്മിലെ കരാർ പ്രകാരം സേവന നികുതിയും ജി.എസ്​.ടിയും കമ്പനികളാണ്​ അടക്കേണ്ടതെന്ന്​ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ, അഞ്ചുശതമാനം മാത്രം വരുന്ന സേവന നികുതിയാണ്​ കമ്പനികൾ ഇതുവരെ അടച്ചത്​. 18 ശതമാനം ജി.എസ്​.ടിയും അടക്കണമെന്ന്​ വകുപ്പ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതിൽ കമ്പനികളുടെ റിവേഴ്​സ്​ ചാർജ്​ മെക്കാനിസം മുഖേന അടച്ച അഞ്ച്​ ശതമാനം കഴിച്ച്​ 15 ശതമാനം ടാങ്കർ ലോറി ഉടമകൾ അടക്കണമെന്ന്​ ആവശ്യപ്പെട്ട്​ നോട്ടീസ്​ ലഭിച്ചതോടെയാണ്​ പ്രതിഷേധം ഉയർന്നത്​. നികുതി വകുപ്പും എണ്ണക്കമ്പനികളും തമ്മിലെ വിഷയത്തിൽ ട്രാൻസ്​പോർട്ടർമാരെ ഉൾപ്പെടുത്തിയത്​ നിയമവിരുദ്ധമാണെന്ന്​ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു​. ഇത്​ കമ്പനി മാനേജ്​മെന്‍റിനോട്​ അറിയിച്ചപ്പോൾ കോടതിയിൽ പോകണമെന്നാണ്​ മറുപടി ലഭിക്കുന്നത്​. ജി.എസ്​.ടി നടപ്പാക്കിയതു മുതലുള്ള കുടിശ്ശികയുടെ 10 ശതമാനം അടച്ചാൽ മാത്ര​മേ അപ്പീൽ നൽകാനാകൂവെന്നും അതിനാലാണ്​ പണിമുടക്കുന്നതെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.