തൂണിലെ ചരിവ്: ആശയക്കുഴപ്പത്തിന് അടിസ്ഥാനമില്ല -കെ.എം.ആർ.എൽ

കൊച്ചി: പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിന്‍റെ അടിത്തറയിലെ ബലക്ഷയം സംബന്ധിച്ച് ആശയക്കുഴപ്പത്തിന്​ ഇപ്പോൾ അടിസ്ഥാനമില്ലെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ട്. ബലപ്പെടുത്തൽ ജോലി തിങ്കളാഴ്ച ആരംഭിക്കും. ആളുകളുടെ സംശയ ദൂരീകരണത്തിന്​ പത്തടിപ്പാലത്തിന് സമീപത്തെ തൂണുകളും പരിശോധിക്കും. പത്തടിപ്പാലത്തെ ബലക്ഷയം ശ്രദ്ധയിൽപെട്ടപ്പോൾതന്നെ അതിഗൗരവ നടപടിയാണ് കൈക്കൊണ്ടത്. ഡി.എം.ആർ.സി, എൽ ആൻഡ് ടി, എയ്ജിസ് എന്നിവരെ ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് വഴി തേടിയിരുന്നു. കരാർ കാലാവധി കഴിഞ്ഞെങ്കിലും എൽ ആൻഡ് ടി സ്വന്തം നിലക്ക് ബലപ്പെടുത്തൽ ജോലി ഏറ്റെടുത്ത് ചെയ്യുകയാണ്. എൽ ആൻഡ് ടി ഡിസൈനർമാരും ജിയോ ടെക്നിക്കൽ വിദഗ്ധരും അടങ്ങിയ ടീമിനെ അയച്ച് സ്ഥലം സന്ദർശിച്ച് പഠനം നടത്തി. എൽ ആൻഡ് ടി പ്രതിനിധികളും കെ.എം.ആർ.എൽ സംഘവും നിലവിലെ മെട്രോ റെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് നിര്‍മാണജോലി നടത്തുകയെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. അടിത്തറ ബലപ്പെടുത്തുന്ന ജോലി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ പില്ലർ നമ്പർ 346 മുതൽ 350 വരെയുള്ള ഭാഗത്തെ റോഡിൽ ഇരുദിശയിലും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.