കൊച്ചി: കോളജ് യൂനിയൻ തെരഞ്ഞെടുപ്പുകളിൽ നേട്ടം അവകാശപ്പെട്ട് എസ്.എഫ്.ഐയും കെ.എസ്.യുവും. ജില്ലയിലെ 41 കോളജുകളിൽ 37ലും വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. എസ്.എഫ്.ഐയുടെ കൈയിൽനിന്ന് ആറ് കോളജുകൾ തിരിച്ചുപിടിച്ചെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ അവകാശപ്പെട്ടു. കെ.എസ്.യുവിന്റെ 45 യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ടുവെന്നും അലോഷ്യസ് പറഞ്ഞു. മഹാരാജാസ് കോളജിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. വീണ്ടും വനിത നയിക്കുന്ന യൂനിയൻ എന്ന പ്രത്യേകതയും മഹാരാജാസിനുണ്ട്. തേവര എസ്.എച്ച് കോളജ് യൂനിയൻ എസ്.എഫ്.ഐയിൽനിന്ന് കെ.എസ്.യു തിരിച്ചുപിടിച്ചു. 14ൽ 14 സീറ്റും നേടിയാണ് കെ.എസ്.യുവിന്റെ ജയം. കെ.എസ്.യു ഭരിച്ച വാഴക്കുളം സെന്റ് ജോർജ്, തൃക്കാക്കര കെ.എം.എം, ആലുവ ചൂണ്ടി ഭാരതമാത ആർട്‌സ് കോളജ്, പിറവം ബി.പി.സി, മൂവാറ്റുപുഴ നിർമല എന്നീ കോളജുകൾ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ മുഴുവൻ സീറ്റിലും വനിതകളെ വിജയിപ്പിക്കാനായി എന്ന നേട്ടവും എസ്.എഫ്.ഐ കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഗവ. ആർട്‌സ് കോളജ്, ആർ.എൽ.വി കോളജ്, സംസ്കൃതം കോളജ്, വൈപ്പിൻ ഗവ. കോളജ്, മാല്യങ്കര എസ്.എൻ.എം, കോതമംഗലം എം.എ, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്.എസ് കോളജ്, കോതമംഗലം എൽദോ മാർ ബസേലിയോസ്, കോതമംഗലം മൗണ്ട് കാർമൽ, നെല്ലിക്കുഴി ഇന്ദിര ഗാന്ധി ആർട്‌സ്, ഇടപ്പള്ളി സ്റ്റാറ്റ്സ്, പൈങ്ങോട്ടൂർ എസ്.എൻ, കൊച്ചി എം.ഇ.എസ് തുടങ്ങിയ കോളജുകളിൽ എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചെന്നും എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു. കാലടി ശങ്കര കോളജിൽ 14ൽ 13 സീറ്റുമായി യൂനിയൻ കെ.എസ്.യു നിലനിർത്തി. ആലുവ യു.സി കോളജിൽ മുഴുവൻ പാനലും കെ.എസ്.യു നിലനിർത്തി. ഭാരതമാത ലോകോളജ് യൂനിയനും പുത്തൻകുരിശ് സെന്റ് തോമസ്, നിർമല കോളജ് മുളന്തുരുത്തി, ജയ് ഭാരത് കോളജ് പെരുമ്പാവൂർ എന്നീ കോളജുകളിൽ കെ.എസ്.യു യൂനിയൻ വിജയിച്ചു. ഏഴു വർഷത്തെ ഇടവേളക്കുശേഷം എറണാകുളം ഗവ. ലോ കോളജിൽ കെ.എസ്.യുവിന് ചെയർമാനെ ലഭിച്ചു. കെ.ടി. ഹാദി ഹസനാണ് ചെയർമാൻ. മൂന്ന് വർഷത്തെ ഇടവേളക്കുശേഷം എസ്.എഫ്.ഐയിൽനിന്ന് തിരിച്ചുപിടിച്ച യൂനിയനിൽ ഒമ്പത് സീറ്റാണ് കെ.എസ്.യു കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.