പോക്സോ കേസ്: റോയ് വയലാറ്റ് കീഴടങ്ങി

-ഒളിവിൽ കഴിഞ്ഞത്​ കൊച്ചിയിൽ തന്നെ -കുറ്റസമ്മതം നടത്തിയെന്ന്​ പൊലീസ് ഫോർട്ട്​കൊച്ചി: പോക്സോ കേസിൽ ഫോർട്ട്​കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമയും ഒന്നാം പ്രതിയുമായ റോയ് ജെ. വയലാറ്റ്​ പൊലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയും സുപ്രീം കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ ഓഫിസിലെത്തി കീഴടങ്ങിയത്. ജാമ്യഹരജി കോടതി തള്ളിയതിനെ തുടർന്ന് റോയിക്കും സുഹൃത്തായ, ഇതേ കേസിലെ പ്രതി സൈജു തങ്കച്ചനുമായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. തുടർന്ന് റോയിയുടെ ഹോട്ടലിലും സ്ഥാപനങ്ങളിലും ഇടക്കൊച്ചിയിലെ വീട്ടിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. റോയി വിദേശത്തേക്ക് കടന്നുവെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. കോഴിക്കോട് സ്വദേശിനിയുടെയും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് റോയ്​ വയലാറ്റ്, സൈജു തങ്കച്ചൻ, സംരംഭക അഞ്ജലി റിമാ ദേവ് എന്നിവർക്കെതിരെ ഫോർട്ട്കൊച്ചി പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. ഫോർട്ട്കൊച്ചി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും വാഹനാപകടത്തിൽ മോഡലുകൾ മരിച്ചത്​ അന്വേഷിക്കുന്ന സംഘത്തിന് തന്നെയാണ് ഈ കേസിന്റെയും ചുമതല. ക്രൈംബ്രാഞ്ച് എസ്.പി ബിജി ജോർജിന്റെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷൻ സി.ഐ അനന്തലാൽ എന്നിവരെത്തി റോയിയെ ചോദ്യം ചെയ്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും നമ്പർ 18 ഹോട്ടലിലെത്തിച്ച് തെളിവെടുപ്പും നടത്തി. റോയ്​ കൊച്ചിയിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നുവെന്നും കുറ്റസമ്മതം നടത്തിയതായും കൊച്ചി ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. ഒളിവിലായിരിക്കെ രണ്ടാം പ്രതി സൈജു തങ്കച്ചനുമായി റോയ് സംസാരിച്ചിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം പ്രതി അഞ്ജലി റിമ ദേവിനെയും ചോദ്യംചെയ്യും. അഞ്​ജലിക്ക്​ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ പ്രതി റോയ് വയലാറ്റിനെ കോടതിയിൽ ഹാജരാക്കും. ചിത്രം: പോക്​സോ കേസിൽ റോയ് വയലാറ്റിനെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.