യുദ്ധത്തിനെതിരെ പ്രതിഷേധസംഗമത്തിൽ യുക്രെയ്​ൻ സ്വദേശിനിയും

മട്ടാഞ്ചേരി: സേ നോ ടു വാർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപം യുദ്ധത്തിനെതിരെ പ്രതിഷേധസംഗമം നടത്തി. യുക്രെയ്​ൻ സ്വദേശിനിയായ യുവതിയും പങ്കെടുത്തു. ഫോർട്ട്​കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന യുക്രെയ്​ൻ യുവതി അനസ്താനിയ ബി.ഒ.ടി പാലത്തിലൂടെ ഫോർട്ട്​കൊച്ചിയിലേക്ക് പോകവേയാണ് ഇംഗ്ലീഷിലുള്ള പ്ലക്കാർഡുകൾ പിടിച്ചുനിൽക്കുന്നവരെ കണ്ടത്. അത് വായിച്ചുനോക്കി യുദ്ധത്തിനെതിരെയുള്ള പരിപാടിയാണെന്ന് മനസ്സിലാക്കി ഉടൻ ബസിൽനിന്ന് ഇറങ്ങി യോഗത്തിൽ പങ്കുചേരുകയായിരുന്നു. സംഘാടകർക്ക് സ്വയം പരിചയപ്പെടുത്തിയ അവർ, യുക്രെയ്​ൻ ജനതയോട് ഇവിടെയുള്ളവർ കാണിക്കുന്ന സ്നേഹവും ഐക്യദാർഢ്യവും തന്നെ വിസ്മയിപ്പിക്കുകയും ഏറെ നന്ദിയുള്ളവളാക്കുകയും ചെയ്യുന്നുവെന്ന് പ്രഭാഷണത്തിൽ പറഞ്ഞു. സംഗമം തോമസ് കൊറശ്ശേരി ഉദ്ഘാടനം ചെയ്തു. കബീർ ഷാ അധ്യക്ഷത വഹിച്ചു. എം. പത്മകുമാർ, സി.എസ്. ജോസഫ് എന്നിവർ സംസാരിച്ചു. സുൽഫത്ത് ബഷീർ യുദ്ധവിരുദ്ധ കവിത ആലപിച്ചു. . ചിത്രം: യുക്രെയ്​ൻ സ്വദേശിനി അനസ്താനിയ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.