(പടം) നിത്യസഹായ മാതാവിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ദേവാലയമാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചാത്തമ്മ എന്ന കൊച്ചു ദ്വീപിലുള്ളത്. കുമ്പളം പഞ്ചായത്തിലെ ചാത്തമ്മ-ചേപ്പനം ദ്വീപുകളുടെ മധ്യഭാഗത്ത് കൈതപ്പുഴ കായലിന്റെ തീരത്താണ് ദേവാലയം. ആദ്യകാലങ്ങളില്‍ ഈ പ്രദേശത്തെ ക്രൈസ്തവര്‍ പുതിയകാവ്, കുമ്പളം, പനങ്ങാട് പള്ളികളിലെ ഇടവകക്കാരായിരുന്നു. ആത്മീയ കാര്യങ്ങള്‍ക്കായി ഈ പള്ളികളെയാണ് ആശ്രയിച്ചിരുന്നത്. ഈ കാലയളവില്‍ പുതിയകാവ് പള്ളിയിലെ പ്രോ വികാരിയായിരുന്ന മോണ്‍. ജോസഫ് പൈനുങ്കല്‍ ദേശവാസികളുടെ ക്ലേശങ്ങള്‍ മനസ്സിലാക്കി ശാശ്വതപരിഹാരമെന്ന നിലയില്‍ ചാത്തമ്മയില്‍ പള്ളി സ്ഥാപിക്കാൻ മുന്‍കൈയെടുത്ത്. അദ്ദേഹം റോമിലുണ്ടായിരുന്ന സമയത്ത് മാതാവിന്റെ അത്ഭുത ചിത്രം റിഡംപ്റ്ററിസ്റ്റ് വൈദികരുടെ ജനറലേറ്റില്‍നിന്ന് ലഭിച്ചിരുന്നു. ഇത് പുതിയകാവ് പള്ളിയിലാണ് സൂക്ഷിച്ചിരുന്നത്. ചാത്തമ്മയില്‍ പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന പള്ളി നിത്യസഹായ മാതാവിന്റെയും വി. അല്‍ഫോന്‍സസ് ലിഗോരിയുടെയും നാമത്തിലാക്കാനും പ്രസ്തുത ചിത്രം ഇവിടെ പ്രതിഷ്ഠിക്കാനും അദ്ദേഹം തീരുമാനിച്ചു. 1924ല്‍ അന്നത്തെ കൊച്ചി സംസ്ഥാനത്തിൽ ദിവാന്‍ പേഷ്‌കാര്‍ ആയിരുന്ന കസ്തൂരിരംഗ അയ്യരില്‍നിന്ന് പ്രദേശത്ത് പള്ളി പണിയുന്നതിന് അനുമതി വാങ്ങി. പള്ളി സ്ഥാപിക്കുന്നതിന് ജോസഫ് പൈനുങ്കല്‍ മറ്റുള്ളവരോടൊപ്പം ചേപ്പനം-ചാത്തമ്മ പ്രദേശത്തെ പല ഇടങ്ങളും സന്ദര്‍ശിച്ച് ഇപ്പോഴത്തെ സ്ഥലം തെരഞ്ഞെടുക്കുകയായിരുന്നു. ആ വര്‍ഷംതന്നെ പള്ളി നിർമാണം ആരംഭിച്ച് ക്രൈസ്തവവിശ്വാസത്തിന്റെ പ്രതീകമായ കുരിശ് താൽക്കാലിക ഓല ഷെഡിലാണ് സ്ഥാപിച്ചത്. നവംബര്‍ 21ന് 12 വൈദികരുടെ അകമ്പടിയോടെ പുതിയകാവില്‍നിന്ന് ജലഘോഷയാത്രയായി മോണ്‍. പൈനുങ്കല്‍ റോമില്‍നിന്ന് കൊണ്ടുവന്ന് പുതിയകാവില്‍ സൂക്ഷിച്ച നിത്യസഹായ മാതാവിന്റെ ചിത്രം ഇതേ ഓലഷെഡില്‍ പ്രതിഷ്ഠിച്ചു. വെള്ളക്കെട്ടും ചളിയും നിറഞ്ഞ പ്രദേശമായിരുന്നതുകൊണ്ട് പള്ളിക്ക് ജീര്‍ണാവസ്ഥ സംഭവിച്ചതുമൂലം പുതിയ ദേവാലയം പണിയണമെന്ന ആഗ്രഹം ഇടവകജനങ്ങളില്‍ ഉണ്ടായി. ഈ സന്ദര്‍ഭത്തില്‍ 1993 ല്‍ ഇടവക സന്ദര്‍ശിച്ച എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിന്റെ ആഹ്വാനപ്രകാരം ദൈവാലയനിര്‍മാണത്തിനായി കമ്മിറ്റിക്ക് രൂപം നൽകി. ഇടവക അതിര്‍ത്തിയില്‍നിന്നും പുറത്തുനിന്നും പിരിവുകളിലൂടെ ധനസമാഹരണം ആരംഭിക്കുകയും ചെയ്തു. 1996 ല്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാലീത്തയും മേജര്‍ ആര്‍ച് ഷപ്പുമായിരുന്ന കര്‍ദിനാൾ ആന്റണി പടിയറ അടിസ്ഥാന ശില ആശീര്‍വദിച്ച് നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചു. ഇവിടുത്തെ ദര്‍ശനത്തിരുനാളില്‍ അയല്‍പ്രദേശങ്ങളായ കുമ്പളം, പനങ്ങാട്, അരൂർ, നെട്ടൂര്‍, മരട്, തേവര, പൂണിത്തുറ, തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ധാരാളം ആളുകള്‍ പങ്കെടുക്കാറുണ്ട്. 1999 ലായിരുന്നു പള്ളിയുടെ പ്ലാറ്റിനം ജൂബിലി. 2002ല്‍ പള്ളിമേടയുടെയും പള്ളിയുടെയും നിര്‍മാണം പൂര്‍ത്തിയാക്കി. ആ വര്‍ഷത്തെ തിരുനാളിനോടൊപ്പം കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ദൈവാലയത്തിന്റെ ആശീര്‍വാദം നിര്‍വഹിച്ചു. 1939 ല്‍ ഐറിഷുകാരായ റിഡംപ്റ്ററിസ്റ്റ് വൈദികരാല്‍ നിത്യസഹായ മാതാവിനോടുള്ള ഭക്തി ഇന്ത്യയില്‍ പ്രചരിപ്പിച്ചു തുടങ്ങുന്നതിനു മുമ്പുതന്നെയാണ് 1924ല്‍ ആ നാമധേയത്തില്‍ ഭാരതത്തില്‍ ആദ്യദേവാലയം ചാത്തമ്മയില്‍ സ്ഥാപിതമായത്. നിത്യസഹായ മാതാവിന്റെ നൊവേന എല്ലാ ശനിയാഴ്ചയും നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.