കൊച്ചി: ചെങ്ങറ പാക്കേജ് പ്രകാരം ഇനിയും ഭൂമി ലഭിച്ചിട്ടില്ലാത്തവർക്ക് സർക്കാറിന്‍റെ പുതിയ ഭൂനയത്തിന്‍റെ അടിസ്ഥാനത്തിൽ വാസയോഗ്യമായ ഭൂമി കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് സർക്കാർ ഹൈകോടതിയിൽ. പാട്ടക്കരാർ ലംഘിച്ചും കാലാവധി കഴിഞ്ഞും കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങി. വിവിധ സർക്കാർ വകുപ്പുകളുടെ കീഴിലെ അധികഭൂമി കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയിൽനിന്ന് സ്ഥലം അനുവദിക്കാൻ സർക്കാറിന്‍റെ ഉന്നതതല തീരുമാനം വേണം. ഇതിന്‍റെ ഭാഗമായാണ് പുതിയ നയം സജീവ പരിഗണനയിലുള്ളത്. സംസ്ഥാനത്ത് പുറമ്പോക്ക് ലഭ്യത കുറവായതിനാലാണ് പ്രത്യേക നയത്തിലൂടെ ഭൂമി കണ്ടെത്താൻ ശ്രമം നടക്കുന്നത്. എന്നാൽ, നയത്തിന് അന്തിമ അംഗീകാരമായില്ല. ഇതിന് ദീർഘ നടപടിക്രമങ്ങൾ വേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പാക്കേജ് നടപ്പാക്കുന്നതിന് കുറഞ്ഞത് ആറുമാസത്തെ സമയം വേണമെന്നും ലാൻഡ് റവന്യൂ അസിസ്റ്റന്‍റ് കമീഷണർ അനു എസ്. നായർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഭൂരഹിതരായ ആദിവാസികൾക്കും ദലിത് വിഭാഗങ്ങൾക്കും ചെങ്ങറ ഭൂസമരത്തെത്തുടർന്ന് ഭൂമി നൽകാൻ 2010 ൽ സർക്കാർ ഉത്തരവിറക്കിയിട്ടും നടപ്പാക്കിയില്ലെന്നും വാസയോഗ്യമല്ലാത്ത ഭൂമിയാണ് നൽകുന്നതെന്നും ആരോപിക്കുന്ന ഒരുകൂട്ടം ഹരജികളിലാണ് വിശദീകരണം. ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ മാസം 23ന് പരിഗണിക്കാൻ മാറ്റി. ഭൂമി നൽകാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും ഗുണഭോക്താക്കൾക്ക് വാസയോഗ്യമായ സ്ഥലം നൽകാൻ കഴിയുന്ന സമയക്രമവും അറിയിക്കാൻ കഴിഞ്ഞ ജനുവരിയിൽ കോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ലാൻഡ് ബോർഡിന്‍റെ കൈവശമുള്ള രജിസ്റ്റർ പ്രകാരം വിതരണത്തിന് യോഗ്യമായ 36.34 ഹെക്ടർ മിച്ച ഭൂമിയുള്ളതായാണ് സെക്രട്ടറി അറിയിച്ചതെങ്കിലും നേരിട്ടുള്ള വിശദമായ പരിശോധനയിൽ ഇത് 9.35 ഹെക്ടർ മാത്രമാണെന്ന് ബോധ്യമായതായി സത്യവാങ്മൂലത്തിൽ പറയുന്നു. പത്തനംതിട്ടയിൽ 0.2098 ഉം തൃശൂരിൽ 4.9077ഉം കണ്ണൂരിൽ 4.2281 ഉം ഹെക്ടർ വീതമാണ് വാസയോഗ്യവും കൃഷിയോഗ്യവുമായി കണ്ടെത്തിയിട്ടുള്ളത്. പാക്കേജ് നടപ്പാക്കാൻ അനുയോജ്യമായി നിലവിൽ ഇത്രയേ ലഭ്യമായിട്ടുള്ളൂ. കൊല്ലത്ത് സ്ഥലം ലഭ്യമല്ല. ഇടുക്കി ശാന്തൻപാറയിൽ 11 ഹെക്ടറും മലപ്പുറം എടയൂരിൽ 4.76 ഹെക്ടറും ലഭ്യമാണെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇവയിൽ സൗകര്യങ്ങളൊരുക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനും തിരിച്ചുപിടിക്കാനും വിതരണത്തിനുമുള്ള സാധ്യതകൾ ആരായാനും നടപടി ആരംഭിക്കാനും കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.