നഗരസഭ ഭരണാധികാരികളുടെ അനാസ്ഥ: കോടികൾ പാഴായെന്ന്​ പ്രതിപക്ഷം

പറവൂർ: നഗരസഭയിൽ ഭരണാധികാരികളുടെ അനാസ്ഥ മൂലം കോടിക്കണക്കിന് രൂപ നഷ്ടമായതായി പ്രതിപക്ഷ ആരോപണം. കേന്ദ്ര ധനകാര്യ കമീഷന്റെ മില്യൻ പ്ലസ് അർബൻ അഗ്ലോമറേഷൻസ് പദ്ധതിയിൽ ഒരു പ്രോജക്ട് പോലും സമർപ്പിക്കാതിരുന്നതിനാലാണ് കോടികൾ പാഴാകാൻ കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. 15-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നഗരസഞ്ചയങ്ങൾക്കുള്ള ഗ്രാൻഡ് വിനിയോഗിച്ച്​ നഗരസഞ്ചയ പ്രദേശത്ത് പഞ്ചവത്സര പദ്ധതി തയാറാക്കാനുള്ള മാർഗരേഖ തദ്ദേശ സ്വയംഭരണ വകുപ്പ് 2021 നവംബർ 24 ന് പുറപ്പെടുവിച്ചിരുന്നു. 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള ഏഴ് നഗരസഞ്ചയങ്ങൾക്കായി 1402 കോടി രൂപയാണ് അനുവദിച്ചത്. അതിലൊന്നായ കൊച്ചി നഗര സഞ്ചയത്തിൽ പറവൂർ നഗരസഭയും ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 2021-22 മുതൽ 2025-26 വരെയുള്ള അഞ്ച് സാമ്പത്തിക വർഷത്തിലേക്ക് 245 കോടി രൂപയാണ് പറവൂരിലേക്ക് അനുവദിച്ചത്. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്കരണം എന്നീ മേഖലകളുടെ വികസനത്തിനായാണ് തുക വിനിയോഗിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ജനുവരി 11ന് കലക്ടർ വിളിച്ച അടിയന്തര യോഗത്തിൽ നഗരസഭാധ്യക്ഷ വി.എ. പ്രഭാവതിയും സെക്രട്ടറിയും പങ്കെടുത്തു. എന്നാൽ, ഇന്നുവരെ ഒരു പദ്ധതി പോലും സമർപ്പിച്ചില്ല. ഇതു മൂലം ഈ സാമ്പത്തിക വർഷം ആനുപാതികമായി ലഭിക്കേണ്ട തുക നഷ്ടമായി. കൗൺസിൽ യോഗത്തിലോ, സ്റ്റിയറിങ്​ കമ്മിറ്റിയിലോ ഈ വിഷയം ചർച്ച ചെയ്യാൻ പോലും ഭരണ നേതൃത്വം തയാറായില്ലെന്ന് പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ പറഞ്ഞു. ഏലൂർ നഗരസഭ പദ്ധതി സമർപ്പിക്കുകയും കുടിവെള്ള മേഖലയിൽ അവർക്ക്​ ഫണ്ട് അനുവദിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.