കൊച്ചി കനാല്‍ നവീകരണ പദ്ധതിക്ക് കേന്ദ്രാനുമതി

കൊച്ചി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ കൊച്ചി കനാല്‍ നവീകരണ പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവൃത്തികള്‍ കെ.എം.ആർ.എൽ ആരംഭിച്ചു. എറണാകുളം മാര്‍ക്കറ്റ് കനാലിന്റെ ആഴം കൂട്ടല്‍ ജോലികളും വൃത്തിയാക്കലും ആരംഭിച്ചു. വരുംദിവസങ്ങളിലും പ്രവൃത്തികള്‍ തുടരും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചതോടെ പദ്ധതിക്ക് ആവശ്യമായ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും വൈല്‍ഡ് ലൈഫിന്റെയും ഉള്‍പ്പെടെ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞു. കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കിഫ്ബി അനുമതി ഉടന്‍ ലഭിക്കുമെന്നും മാര്‍ച്ച്​ അവസാനത്തോടെ ടെൻഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നും മേയ് പകുതിയോടെ നിര്‍മാണം തുടങ്ങാനാകുമെന്നും കെ.എം.ആര്‍.എല്‍ മാനേജിങ്​ ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍ എന്നിവയുടെ നവീകരണത്തിനാണ് ആദ്യ പരിഗണന. ഈ രണ്ട് കനാലുകളുടെയും പദ്ധതി രൂപകല്‍പനയും ടെൻഡര്‍ നടപടികളും തയാറായിക്കഴിഞ്ഞു. സ്ഥലം കൈമാറിക്കിട്ടിയാലുടന്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയും. ഇടപ്പള്ളി കനാലിലെ സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ്​ ജില്ല കലക്ടര്‍ ഉടനെ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.