അയൽവാസികളുടെ ഉപദ്രവം: സ്​റ്റേഷനിലെത്തിയ വീട്ടമ്മയെ കേസിൽ കുടുക്കി പൊലീസ്​ ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന് പരാതി

കൊച്ചി: അയൽവാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ കുടുക്കി പൊലീസുകാർ പീഡിപ്പിച്ചെന്ന് ആരോപണം. എളങ്കുന്നപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ കൊണ്ടുപോകുംവഴി രണ്ട്​ പൊലീസുകാർ ചേർന്ന് ജീപ്പിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നും അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2020ൽ അയൽവാസിയായ യുവാവ് മരുമകൾക്കുനേരെ വസ്ത്രാക്ഷേപം നടത്തിയതോടെയുണ്ടായ പ്രശ്നങ്ങളാണ് വിഷയത്തിന്‍റെ തുടക്കം. ഇതേതുടർന്ന് അയൽവാസിയായ മറ്റൊരു യുവാവ് തന്നെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു. ഇതിനെതിരെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ, പരാതി സ്വീകരിച്ചില്ലെന്നതിനുപുറമെ, തങ്ങൾക്കെതിരെ അയൽവാസിയുടെ പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ അസഭ്യവാക്കുകൾ വിളിച്ച് ദേഹോപദ്രവം ഏൽപിച്ചു. ശേഷം ഭർത്താവിനെയും മകനെയും തന്നെയും അറസ്റ്റ് ചെയ്തു. ജയിലിലേക്ക് കൊണ്ടുപോകുംവഴി തന്നെ രണ്ട് പൊലീസുകാർ ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഇത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന വനിത പൊലീസുകാർ തന്നെ കളിയാക്കിച്ചിരിക്കുകയാണുണ്ടായത്. പ്രാഥമികാവശ്യം നിറവേറ്റണമെന്ന് പറഞ്ഞപ്പോൾ വഴിയരികിൽ വണ്ടി നിർത്തി സമീപത്തെ കാട് ചൂണ്ടിക്കാട്ടി. ജയിലിലെത്തുംവരെ പുരുഷ പൊലീസുകാരുടെ ഉപദ്രവം തുടർന്നു. ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോൾ തന്‍റെ ഇളയ മകൻ അപകടം സംഭവിച്ച് കിടപ്പായെന്ന വാർത്തയാണ് അറിഞ്ഞതെന്നും ഇതോടെ കൂടുതൽ തളർന്നെന്നും അവർ പറഞ്ഞു. തന്നെ ഉപദ്രവിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും എറണാകുളം റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിനുശേഷം എറണാകുളം പ്രസ് ക്ലബിൽനിന്ന്​ പുറത്തിറങ്ങവെ കുഴഞ്ഞുവീണ വീട്ടമ്മയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.