യുദ്ധമുഖത്ത്​ നിലവറയിൽ കുടുങ്ങി മുന്നൂറിലേറെ മലയാളി പെൺകുട്ടികൾ

ഉറക്കമില്ലാതെ രക്ഷാകർത്താക്കൾ കായംകുളം: യുക്രെയ്ൻ യുദ്ധമുഖത്ത്​ നിലവറയിൽ കുടുങ്ങിയ 300ലധികം മലയാളി പെൺകുട്ടികൾ സഹായത്തിനായി കേഴുന്നു. ഖർകിവിലെ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലെ നിലവറയിലാണ് അഞ്ചുദിവസമായി കുടുങ്ങിക്കിടക്കുന്നത്. ദിവസങ്ങൾ പിന്നിടുന്തോറും കുട്ടികളിൽ മാനസികസംഘർഷം വർധിക്കുന്നത് രക്ഷാകർത്താക്കളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്​. പൊലീസ് ഉദ്യോഗസ്ഥനായ കറ്റാനം കട്ടച്ചിറ പതിയാരത്ത് താഹാക്കുഞ്ഞിന്‍റെയും ഇലിപ്പക്കുളം മണ്ണാറയിൽ സക്കീനയുടെയും മകൾ ദിയ തയ്യിബയും (18) ഇക്കൂട്ടത്തിലുണ്ട്. വി.എം കറാസിൻ ഖർകീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളാണിവർ. ഭീകര യുദ്ധത്തിന്‍റെ നടുവിലായ രാജ്യത്തുനിന്ന്​ എങ്ങനെ രക്ഷപ്പെടാനാകുമെന്നതിന്‍റെ ആകുലതകളാണ് ഓരോ കുട്ടിയും പങ്കുവെക്കുന്നത്. തലസ്ഥാനത്തെ കിയവിന്​ സമീപത്തെ പ്രധാന നഗരങ്ങളിലൊന്നാണ്​ ഖർകിവ്​. ഇത്​ കീഴടക്കുകയെന്നത്​ റഷ്യയു​ടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്​. വെടിവെപ്പിന്‍റെയും സ്​ഫോടനത്തിന്‍റെയും ഉഗ്രശബ്ദങ്ങൾ ഇവരെ മാനസികമായി തകർക്കുകയാണ്. മൈനസ് ഡിഗ്രി തണുപ്പിൽ മുഷിഞ്ഞ വസ്ത്രങ്ങൾ മാറിയുടുക്കാൻപോലും കഴിയാത്ത സാഹചര്യമാണുള്ളത്​. ഇവർക്കായി നാല് ശൗചാലയങ്ങൾ മാത്രമാണുള്ളത്. ശനിയാഴ്ച വരെ മുകൾനിലയിലെ ഹോസ്റ്റൽ മുറികളിൽ പോയിവരാൻ കഴിയുമായിരുന്നു. ഞായറാഴ്ച സ്ഥിതിക്ക് മാറ്റമുണ്ടായതിനാൽ ആരെയും നിലവറവിട്ട് പുറത്തിറങ്ങാൻ അനുവദിച്ചില്ല. രാവിലെയും വൈകീട്ടുമാണ് ഭക്ഷണം കിട്ടുന്നത്. ഇതിന്‍റെ കൃത്യത തെറ്റി. പലർക്കും കഴിക്കാനുള്ള മാനസികാവസ്ഥയും നഷ്ടമായി. സ്​റ്റോക്ക്​ ചെയ്ത ഭക്ഷണ സാമഗ്രികളും വെള്ളവുമടക്കം തീരുകയാണെന്ന സംശയമുണ്ട്. നെറ്റ് കവറേജ് കുറവായതിനാൽ പലർക്കും വീടുമായി ബന്ധപ്പെടാൻ കഴിയാത്തതും പ്രയാസം സൃഷ്ടിക്കുന്നു. ഞായറാഴ്ച രാവിലെ 11.20ന് ദിയ വിളിച്ചിരുന്നതായി മാതാവ് സക്കീന പറഞ്ഞു. വൈകീട്ട് നാലിന് വാട്സ്​ആപ് സന്ദേശങ്ങളും അയച്ചിരുന്നു. സങ്കടങ്ങൾ മാത്രമാണ് പങ്കുവെക്കുന്നത്. പല കുട്ടികളും കടുത്ത മാനസിക പ്രയാസം അനുഭവിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. മക്കളുടെ സന്ദേശം പ്രതീക്ഷിച്ച് രക്ഷാകർത്താക്കൾ രാത്രി ഉറങ്ങാതെ കാത്തിരിക്കുകയാണ്. രക്ഷാകർത്താക്കളുടെ വാട്സ്​ആപ് കൂട്ടായ്മയാണ് പരസ്പരമുള്ള ആശ്വാസം. അഞ്ഞൂറോളം പേരുള്ള കൂട്ടായ്മയിൽ സങ്കടങ്ങൾ മാത്രമാണ് നിറയുന്നത്. സഹായവുമായി സർക്കാർ എത്തുമെന്ന പ്രതീക്ഷയാണ് ഏവർക്കുമുള്ളത്. വാഹിദ് കറ്റാനം APG ukrain malayalee food നിലവറയിൽ ഭക്ഷണം കഴിക്കുന്ന മലയാളി ​പെൺകുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.