നിർമാണത്തിലിരുന്ന വീടിന്‍റെ ഷേഡ്​ തകർന്ന് നിർമാണത്തൊഴിലാളി മരിച്ചു

ഹരിപ്പാട്: തട്ട് പൊളിക്കുന്നതിനിടെ വീടിന്‍റെ ഷേഡ്​ തകർന്ന് നിർമാണ തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് ശാസ്താംതറ കോളനിയിൽ ഹൈദ്രോസ്​കുഞ്ഞിന്‍റെ മകൻ അൻസാറാണ് (38) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെ പള്ളിപ്പാട് കോട്ടയ്ക്കകം കടാമ്പള്ളിൽ പ്രസന്നൻ നായരുടെ വീട്ടിലായിരുന്നു അപകടം. വീടിന്‍റെ രണ്ടാംനിലയുടെ പണികൾ നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം കോൺക്രീറ്റ് കഴിഞ്ഞ തട്ട് പൊളിക്കുന്നതിനിടെ ഷേഡ്​ തകർന്ന് താഴേക്ക് മടങ്ങി. സ്ലാബിനും ഭിത്തിക്കുമിടയിൽ അൻസാറിന്‍റെ തല കുടുങ്ങി. സംഭവസ്ഥലത്ത്​ തന്നെ മരണം സംഭവിച്ചു. അസി.സ്റ്റേഷൻ ഓഫിസർ പിജി ദിലീപ് കുമാർ, സീനിയർ ഓഫിസർ ജയ്സൺ ബി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഹരിപ്പാട് അഗ്​നിരക്ഷാസേന യൂനിറ്റും നാട്ടുകാരും ചേർന്ന് ഏറെനേരം പരിശ്രമിച്ചാണ് അൻസാറിനെ സ്ലാബിനും ഭിത്തിക്കും ഇടയിൽനിന്ന് പുറത്തെടുത്തത്. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ. മാതാവ്: ബീവിക്കുഞ്ഞു. കരുനാഗപ്പള്ളി സ്വദേശികളായ അൻസാറും ഭാര്യ അബീനയും മക്കളായ അൻസിൽ (13), അസ്‌ലം (10) എന്നിവരും വർഷങ്ങളായി കോട്ടയ്ക്കകം ഭാഗത്ത് വാടകക്ക്​ താമസിച്ചുവരുകയാണ്​. ഹരിപ്പാട് പൊലീസ് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.