കൊച്ചി: രാജ്യത്തുടനീളം കോവിഡ് കേസുകൾ കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിട്ടും ട്രെയിൻ സർവിസിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ പലതും ഇപ്പോഴും തുടരുന്നു. മിക്ക ട്രെയിനിലും സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ഒന്നാം ലോക്ഡൗൺ സമയത്ത് നിർത്തിവെച്ച ചില മെമു, പാസഞ്ചർ സർവിസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടുമില്ല. ഇവയെല്ലാം പുനഃസ്ഥാപിച്ച് റെയിൽവേ ഗതാഗതം പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ തൊഴിൽ മേഖലയും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കുകയും പൊതുഗതാഗത സംവിധാനങ്ങളെല്ലാം പഴയപടിയാവുകയും ചെയ്തിട്ടും ട്രെയിൻ ഗതാഗതം മാത്രമാണ് ഇപ്പോഴും നിയന്ത്രണത്തിന്‍റെ പിടിയിലുള്ളതെന്ന് നിവേദനം ചൂണ്ടിക്കാട്ടി. സീസൺ ടിക്കറ്റ് പൂർണമായും നടപ്പാക്കാത്തതിനാൽ കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികമായി ബാധിച്ച സാധാരണക്കാരുൾപ്പെടെ കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോവുന്നത്. നിത്യേന ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാവുന്നതെന്ന് പ്രസിഡൻറ് എം.ഗീത, സെക്രട്ടറി ജെ.ലിയോൺസ്, ട്രഷറർ ബി.വിനോദ് എന്നിവർ സമർപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കുന്നു. ഉയർന്ന നിരക്കിലോടുന്ന പാസഞ്ചർ ട്രെയിനുകളെ പഴയ മെമു സംവിധാനത്തിലേക്ക് മാറ്റുക, യു.ടി.എസ് ആപ്പിലുണ്ടായിരുന്ന സേവനങ്ങൾ പുനരാരംഭിക്കുക, എല്ലാ ട്രെയിനിലും കൂടുതൽ ലേഡീസ് ഒൺലി കോച്ചുകൾ ഒരുക്കുക, ട്രെയിനുകളിലും സ്റ്റേഷനിലും വർധിച്ചുവരുന്ന യാചകരുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം അവസാനിപ്പിക്കാൻ വേണ്ടത്ര പൊലീസ് ഉദ്യോഗസ്ഥരെ പ്ലാറ്റ്ഫോമുകളിലും കോച്ചുകളിലും നിയോഗിക്കുക എന്നീ ആവശ്യങ്ങളും കൂട്ടായ്മ നൽകിയ നിവേദനത്തിൽ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.