വൈപ്പിനില്‍ ലഹരി മാഫിയ വിളയാട്ടം

ചെറായി: വൈപ്പിന്‍ ലഹരി മാഫിയകളുടെ പിടിയിലായിട്ടും നടപടികള്‍ കൈക്കൊള്ളാതെ പൊലീസും എക്‌സൈസും. മേഖലയിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ തുടങ്ങിയ ആറു പഞ്ചായത്തിലും മയക്കുമരുന്ന് ലോബിയുടെയും അനധികൃത മദ്യനിര്‍മാണ മാഫിയയുടെയും സാന്നിധ്യം സജീവമാണ്​. ദിവസങ്ങള്‍ക്കു മുമ്പ്​ എടവനക്കാട് വീടുകയറി ആക്രമിക്കുകയും അതിനുശേഷം കുഴുപ്പിള്ളിയില്‍ സൈജു തങ്കച്ചനെന്നയാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരുമൊക്കെ ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരുമാണ്. ഇവരില്‍ ചിലരാകട്ടെ കൊലപാതക കേസ്​ പ്രതികളുമാണ്. എന്നാല്‍, പൊലീസ് പല സംഭവങ്ങളും നിസ്സാരവത്കരിച്ച് തടിതപ്പുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ജനുവരിയിൽ നെടുങ്ങാടുനിന്ന്​ ഹഷീഷ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി എക്‌സൈസ് പിടികൂടിയ ക്രിമിനല്‍ സംഘത്തിലെ ചിലരെ വിട്ടയച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. പട്ടാപ്പകല്‍പോലും സ്ത്രീകള്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞയാഴ്ച എടവനക്കാട് കിഴക്ക് ക്ഷേത്രത്തില്‍ പോയിവരുകയായിരുന്നു പെണ്‍കുട്ടിയെ പിന്നാലെ ബൈക്കിനെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ച സംഭവവുമുണ്ടായി. ബീച്ച് മേഖലകളിലും കായലോര മേഖലയില്‍ ചെമ്മീന്‍കെട്ട് പരിസരങ്ങളിലുമാണ് മാഫിയ താവളമടിക്കുന്നത്. പരിസരവാസികള്‍ പലരും വിവരം പൊലീസിനെ വിളിച്ചറിയിച്ചാല്‍പോലും വരാന്‍ തയാറാകുന്നില്ല. വാഹനമില്ല എന്നൊക്കെ പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.