ബ്രഹ്മപുരം പ്ലാന്‍റ്​​ നടത്തിപ്പ്​; റീ ടെൻഡറില്‍ വന്‍ ക്രമക്കേടെന്ന്​ മുന്‍ കൗണ്‍സിലര്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റി‍ൻെറ നടത്തിപ്പിനുവേണ്ടി വിളിച്ച ടെൻഡറില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം. കൃത്രിമ രേഖകളുണ്ടാക്കിയ സ്റ്റാര്‍ കണ്‍സ്ട്രക്​ഷന്‍ എന്ന സ്ഥാപനത്തെ ടെക്‌നിക്കല്‍ യോഗ്യതയുള്ള സ്ഥാപനമായി കാണിച്ച് കോര്‍പറേഷന്‍ സെക്രട്ടറിയും സൂപ്രണ്ടിങ് എൻജിനീയറും കൗണ്‍സിലിനെയും ആരോഗ്യസ്ഥിരം സമിതിയെയും കബളിപ്പിക്കുകയാണെന്ന് മുന്‍ കൗണ്‍സിലര്‍ വി.ജെ. ഹൈസിന്ത് വാർത്തസ​മ്മേളനത്തിൽ ആരോപിച്ചു. ഇക്കാര്യങ്ങള്‍ തെളിവ്​ സഹിതം ചൂണ്ടിക്കാട്ടി മേയര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. 21 ന്​ നടക്കുന്ന കൗണ്‍സില്‍ യോഗ അജണ്ടയില്‍ സ്റ്റാര്‍ കണ്‍സ്ട്രക്​ഷന് ടെൻഡര്‍ അനുവദിക്കുന്ന കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെൻഡറിലെ ക്രമക്കേട് ബോധ്യമായതിനാല്‍ ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ശിപാര്‍ശ ചെയ്യില്ലെന്ന് ആരോഗ്യ സ്ഥിരം സമിതി വ്യക്തമാക്കിയതായാണ് അറിയുന്നത്​. കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ ആന്‍റണി കുരീത്തറ വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 2012മേയിൽ വിളിച്ച റീ ടെൻഡറിൽ നാല്​ കമ്പനിയാണ് പങ്കെടുത്തത്. ടെൻഡർ വ്യവസ്ഥയില്‍ പറഞ്ഞ സാങ്കേതിക യോഗ്യത ഇല്ലെന്ന് പറഞ്ഞാണ്​ ഇതില്‍ മൂന്ന് കമ്പനികളെയും തള്ളിയത്​. എന്നാല്‍, ഈ രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയമോ നിയമപ്രകാരം സര്‍വിസ് പ്രൊവൈഡറായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയോ ഇല്ലാത്ത സ്റ്റാര്‍ കണ്‍സ്ട്രക്​ഷ‍ൻെറ ടെൻഡർ വഴിവിട്ട ഇടപെടിലൂടെ​ അംഗീകരിച്ചെന്നാണ്​ ആരോപണം. മേയര്‍, സെക്രട്ടറി, കരാറുകാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും ഹൈസിന്ത് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.