ഗവർണറുടെ പരാമർശം വാസ്തവവിരുദ്ധം -കെ-​റെയിൽ വിരുദ്ധ ജനകീയസമിതി

തൃപ്പൂണിത്തുറ: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കെ-​റെയിൽ പദ്ധതിയെപ്പറ്റി ഹരിത പദ്ധതി എന്നും തൊഴിലും വികസനവും ഉത്തേജിപ്പിക്കുന്ന പദ്ധതി എന്നുമുള്ള പരാമർശങ്ങൾ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സംസ്ഥാന കെ-​റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി ചെയർമാൻ എം.പി. ബാബുരാജ് ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പറഞ്ഞു. പരിസ്ഥിതിയെ തച്ചുതകർത്ത് ആവാസവ്യവസ്ഥതന്നെ മാറ്റിമറിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയെ ഹരിത പദ്ധതി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നത് എങ്ങനെയാണ് എന്ന ചോദ്യമാണ് പൊതുസമൂഹം ഒന്നാകെ ഉയർത്തുന്നത്. ഇരുപതിനായിരത്തിലധികം കുടുംബങ്ങളെ ആദ്യഘട്ടത്തിൽതന്നെ തെരുവാധാരമാക്കുന്ന പദ്ധതി അതിലേറെ കുടുംബങ്ങളുടെ ഉപജീവന മാർഗവും നഷ്ടപ്പെടുത്തുന്നതാണ്. ഇതിനെയാണ് തൊഴിലും വികസനവും ഉത്തേജിപ്പിക്കുന്ന പദ്ധതിയായി പരാമർശിച്ചിരിക്കുന്നത്. വസ്തുതകൾക്ക് വിരുദ്ധമായ പരാമർശങ്ങൾ ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. കേരളത്തെ പാരിസ്ഥിതികമായും സാമൂഹികമായും സാമ്പത്തികമായും തകർക്കുന്ന കെ-​റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നതുവരെ ഈ പ്രക്ഷോഭം അതിശക്തമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.