കടമ്പ്രയാർ ടൂറിസം പദ്ധതി; സ്വകാര്യസ്ഥാപനം ഡി.പി.ആർ സമർപ്പിച്ചു

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സ്വപ്നപദ്ധതികളിലൊന്നായ കടമ്പ്രയാർ ടൂറിസം പദ്ധതിയുടെ പ്രാഥമിക ഡി.പി.ആർ രൂപരേഖ സമർപ്പിച്ചു. കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് ഇൻഫോപാർക്ക് മുഖച്ഛായ മാറ്റുന്ന പദ്ധതിയുടെ പ്രാഥമിക രൂപരേഖ സ്വമേധയാ തയാറാക്കി നഗരസഭ അധ്യക്ഷ അജിത തങ്കപ്പന് സമർപ്പിച്ചത്. യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ഐ.ടി ഹബ്ബായ ഇൻഫോപാർക്കിനോട് ചേർന്ന് കടമ്പ്രയാറി‍ൻെറ ഭാഗമായ ഇടച്ചിറ തോട് കേന്ദ്രീകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. തോടിന്‍റെ ആഴംകൂട്ടി പെഡൽ ബോട്ടുകളും കൊട്ടവഞ്ചികളും മഴവിൽ പാലവും വാക്​വേയുമടക്കം വലിയ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിൽ നിർമാണ ചുമതല അർധസർക്കാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോഓപറേറ്റിവ് സൊസൈറ്റിക്ക് നൽകാനാണ് നഗരസഭ തീരുമാനിച്ചിരുന്നത്. എന്നാൽ, ഒരു വർഷമായിട്ടും അനക്കമില്ലാത്ത സ്ഥിതിയാണ്​. അതിനിടെയാണ് സ്വകാര്യസ്ഥാപനം രൂപരേഖ തയാറാക്കി സമർപ്പിച്ചത്. ഇതോടനുബന്ധിച്ച് തയാറാക്കിയ ത്രിമാന ചിത്രങ്ങളും നഗരസഭ അധ്യക്ഷ അജിത തങ്കപ്പനും കൗൺസിലർമാർക്കും സ്ഥാപന അധികൃതർ വിവരിച്ചു നൽകിയിട്ടുണ്ട്. അതേസമയം, അടുത്ത കൗൺസിൽ യോഗത്തിൽ ഇക്കാര്യം അവതരിപ്പിച്ച ശേഷം തീരുമാനമെടുത്താൽ മതിയെന്നാണ് ഭരണസമിതിയുടെ ധാരണ. നഗരസഭ അധ്യക്ഷക്കുപുറമെ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, കൗൺസിലർമാരായ അബ്ദു ഷാന, വി.ഡി. സുരേഷ്, സി.സി. വിജു, ഇ.പി. ഖാദർ കുഞ്ഞ്, ഹസീന ഉമ്മർ, ഷിമി മുരളി, രജനി ജീജൻ എന്നിവരും പങ്കെടുത്തു. ഫോട്ടോ: കടമ്പ്രയാർ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച പ്രാഥമിക രൂപരേഖയിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.