ദേശീയപാത സ്ഥലം ഏറ്റെടുക്കൽ: ഓഫിസ് പ്രവർത്തനം പറവൂർ ടൗണിലേക്ക് മാറ്റുന്നു

പറവൂർ: ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത 66 നിർമാണത്തിന്​ ഭൂമിയേറ്റെടുക്കുന്ന സ്​പെഷൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ് തിങ്കളാഴ്ച മുതൽ നഗരത്തിൽ നമ്പൂരിയച്ചൻ ആലിന് സമീപത്തെ നളന്ദ സിറ്റി സെന്‍ററിൽ പ്രവർത്തനം ആരംഭിക്കും. നന്ത്യാട്ടുകുന്നം അത്താണിയിൽ പ്രവർത്തിച്ചിരുന്ന ഓഫിസാണ് ഇവിടേക്ക് മാറ്റുന്നത്. രാവിലെ 11.30 ന് കലക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യും. തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ അവലോകനയോഗം നടക്കും. നളന്ദ സിറ്റി സെന്ററിന്റെ 6000 ചതുരശ്രയടിയുള്ള രണ്ടാം നിലയിലാണ് ഓഫിസ് പ്രവർത്തിക്കുക. ജനങ്ങൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യപ്രദമായതിനാലാണ് ഇവിടേക്കു മാറ്റുന്നത്. ബസ് സ്​റ്റോപ്പിന് സമീപമായതിനാൽ ആളുകൾക്ക് എത്തിച്ചേരാൻ എളുപ്പമാണ്. നന്ത്യാട്ടുകുന്നത്തെ ഓഫിസിൽനിന്ന് ഫയലുകളും ഫർണിച്ചറുകളും മാറ്റിത്തുടങ്ങി. എല്ലാ വസ്തുക്കളും ഞായറാഴ്ച വൈകീട്ടോടെ പുതിയ കെട്ടിടത്തിൽ എത്തിക്കും. ഒരു മാസത്തിനുള്ളിൽ കെട്ടിടത്തിൽ ലിഫ്റ്റ് സജ്ജമാകും. ഇടപ്പള്ളി, ചേരാനല്ലൂർ, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, പറവൂർ, വടക്കേക്കര, മൂത്തകുന്നം എന്നീ എട്ട് വില്ലേജുകളിൽനിന്നാണ്​ ദേശീയപാത 66 നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നത്. മാർച്ച് അവസാനത്തോടെ എല്ലാ സ്ഥല ഉടമകൾക്കും നഷ്ടപരിഹാരം നൽകി സ്ഥലം ദേശീയപാത അതോറിറ്റിക്ക് കൈമാറാനാണ് ശ്രമം. എന്നാൽ, രേഖകളെല്ലാം നൽകിയിട്ടും ഓഫിസിൽനിന്ന്​ നഷ്ടപരിഹാരം ലഭിക്കാൻ വൈകുന്നതായി പരാതി ഉയർന്നിരുന്നു. പുതിയ സ്ഥലത്തേക്ക് ഓഫിസ് മാറ്റുന്നതോടെ അൽപംകൂടി വേഗത്തിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ചിത്രം ER deshiya patha 1 ദേശീയപാത സ്ഥലം ഏറ്റെടുക്കൽ ഓഫിസിലെ ഫയലുകൾ മാറ്റുന്ന ഉദ്യോഗസ്ഥർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.