നാസർ ബന്ധുവിന്‍റെ വിവാഹവും മാതൃകയായി

മൂവാറ്റുപുഴ: പശ്ചിമബംഗാളിലെ മലയാളി സന്നദ്ധ പ്രവർത്തകൻ . ബംഗാളിലെ പാവങ്ങളുടെ അത്താണിയായി മാറിയ നാസറിന്‍റെ വിവാഹം നാട് അദ്​ഭുതത്തോടെയാണ് കാണുന്നത്. ആർഭാടങ്ങൾ എല്ലാം ഒഴിവാക്കി ലളിതമായി നടത്താമെന്ന് കാണി ച്ചു കൊടുക്കുകയാണ് നാസർ ബന്ധുവും വധു നസീബയും. ഒരു തരി പൊന്നും പുതിയ വസ്ത്രങ്ങളുമില്ലാതെയാണ് തിരൂർ വെട്ടം സ്വദേശിനി നസീബയെ നാസർ വിവാഹം ചെയ്തത്​. ഓർമക്കായി ഒരു മോതിരം നൽകാം എന്ന്​ നാസർ പറഞ്ഞെങ്കിലും അതും വേണ്ടെന്ന തീരുമാനത്തിലായിരുന്നു നസീബ. വിവാഹ വസ്ത്രങ്ങൾ വാങ്ങാതെ ഉള്ളതിൽ നല്ല വസ്ത്രം അണിയുക എന്നതായിരുന്നു ഇരുവരുടെയും തീരുമാനം. വിവാഹമൂല്യം (മഹർ) ആയി അവൾ ആവശ്യപ്പെട്ടതാകട്ടെ അനാഥരായ 20 വിദ്യാർഥികൾക്ക്​ പഠനോപകരണങ്ങൾ നൽകണമെന്നതും. അത് നൽകി നസീബയെ നാസർ ജീവിതസഖിയാക്കി. ആർഭാടങ്ങളെല്ലാം ഒഴിവാക്കി മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പുന്നോട്ടിൽ അലിയാരുടെയും സഫിയയുടെയും മകൻ നാസർ ബന്ധുവും തിരൂർ വെട്ടം അമ്മിണിപറമ്പത്ത് എ.പി. അലിയുടെയും സുഹ്​റയുടെയും മകൾ നസീബയും ഒന്നാകുകയായിരുന്നു. ബംഗാളിലെ പിന്നാക്ക ഗ്രാമമായ ചക്കളയിലെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക്​ വിദ്യാഭ്യാസം നൽകാനും നാട്ടുകാരുടെ ദാരിദ്ര്യം അകറ്റാനുമുള്ള പദ്ധതികളുമായി 10 വർഷമായി അവിടെ സന്നദ്ധ പ്രവർത്തകനായി കഴിയുകയാണ് നാസർ ബന്ധു. ബന്ധു എന്നാൽ സുഹൃത്ത് എന്നാണ് ബംഗളാ ഭാഷയിൽ അർഥം. അങ്ങനെ നാസർ പേഴയ്ക്കാപ്പിള്ളി ബംഗാളികളുടെ നാസർ ബന്ധുവായി. ബംഗാളിലേക്കുള്ള സോളോ ട്രിപ്പിന് എത്തിയ നസീബയെ കൊൽക്കത്തയിലെ ഹൗറ പാലത്തിൽവെച്ചാണ്​ നാസർ പരിചയപ്പെടുന്നത്. പീന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. ''പുതിയത് വാങ്ങാൻ കഴിവില്ലാത്തതിനാൽ അടുത്തിടെ കല്യാണം കഴിഞ്ഞ അയൽക്കാരുടെയോ കുടുംബക്കാരുടടെയോ കടം വാങ്ങിയ ഉടുപ്പും ചെരിപ്പും ധരിച്ച് വിവാഹം കഴിക്കുന്ന ഒട്ടേറെ ബംഗാളി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടേതിൽ നിന്ന്​ വ്യത്യസ്തനാകാൻ ഞാൻ തയാറല്ല'' നാസർ ബന്ധു പറയുന്നു. നാസറിനൊപ്പം നസീബയും സന്നദ്ധപ്രവർത്തനങ്ങൾക്കായി ബംഗാളിലേക്ക് പോകാൻ ഒരുങ്ങുകയാണ്. photo - Ek G Mvpa 1 ചിത്രം. നാസറും നസീബയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.